കൊല്ലം: ആശുപത്രിയിലേക്ക് പോകും വഴി കനിവ് 108 ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്കി യുവതി. കൊട്ടാരക്കര വല്ലം സ്വദേശിനിയായ 28 കാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തിരുന്നു.
ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് കൃഷ്ണ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഷെമീന എസ് എന്നിവര്‍ ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് പോയി.
എന്നാല്‍ ആംബുലന്‍സ് തിരുവനന്തപുരം കാരേറ്റ് ഭാഗം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഷെമീന നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണി ആണെന്ന് മനസിലാക്കി. വേഗം തന്നെ ആംബുലന്‍സില്‍ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു.
പിന്നീട് 9.43 ന് ഷെമീനയുടെ പരിചരണത്തില്‍ യുവതി ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്കി. ഉടന്‍ ഷെമീന അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളുടെ നിര്‍ദേശപ്രകാരം അമ്മയെയും കുഞ്ഞിനേയും ആംബുലന്‍സ് പൈലറ്റ് കൃഷ്ണ രാജ് വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Discussion about this post