ഓടിട്ട കടകള്‍ മാത്രം നോക്കി മോഷണം: ഒടുവില്‍ കള്ളന് പിടിവീണു, പിടികൂടിയത് മോഷണസ്ഥലം നോക്കുന്നതിനിടെ

കോഴിക്കോട്: ഓട് മേഞ്ഞ കടകള്‍ തിരഞ്ഞു പിടിച്ച് മോഷണം നടത്തുന്ന
കള്ളനെ പിടികൂടി. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. രാത്രി നഗരത്തില്‍ കറങ്ങി നടന്ന ശേഷം ഓട് മേഞ്ഞ കടമുറികള്‍ കണ്ടെത്തും. പിന്നെ കടമുറിയുടെ പിന്നിലുടെ വലിഞ്ഞു കയറി ഓടിളക്കി നൂണ്ടിറങ്ങും. പണം കവര്‍ന്ന ശേഷം തിരിച്ച് ഇതേ രീതിയില്‍ പുറത്ത് കടന്ന് രക്ഷപ്പെടുന്നതായിരുന്നു മണികണ്ഠന്റെ മോഷണ രീതി.

ഈ മാസം പത്തിനാണ് പന്നിയങ്കര പോലീസ് സ്റ്റേഷന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ മോഷണം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത തുണിക്കടയില്‍ കയറി പണം കവര്‍ന്നത്. സ്റ്റേഷന്റെ തൊട്ടു മുമ്പില്‍ നടന്ന സംഭവം പോലീസിന് നാണക്കേടായതോടെ കള്ളനെ പിടികൂടാന്‍ പന്നിയങ്കര ഇന്‍സ്‌പെക്ടറും സംഘവും നേരിട്ടിറങ്ങി.

ഇന്നലെ രാത്രിയിലാണ് അടുത്ത മോഷണത്തിനുള്ള കട നോക്കി നടക്കുകയായിരുന്ന മണികണ്ഠനെ പോലീസ് സംഘം പിടികൂടിയത്. 15 ലധികം മോഷണക്കേസുകളാണ് ഇയാളുടെ പേരില്‍ പല ജില്ലകളിലായി ഉള്ളത്. മോഷണക്കേസില്‍ മൂന്ന് വര്‍ഷം നീണ്ട തടവ് ശിക്ഷക്കൊടുവില്‍ കഴിഞ്ഞ ജനുവരിയിലാണ് മണികണ്ഠന്‍ ജയില്‍ മോചിതനായത്. ഇതിനു പിന്നാലെ വീണ്ടും മോഷണം പതിവാക്കിയിരുന്നു.

Exit mobile version