എരമംഗലം: മലപ്പുരം പെരുമ്പടപ്പിൽ എയർഗണ്ണിൽനിന്ന് വെടിയേറ്റ് യുവാവിന് ദാരുണമരണം. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേൽവീട് ഷാഫി (41)യാണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴായിരുന്നു ഷാഫിക്ക് വെടിയേറ്റത്. സംഭവത്തിൽ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പോലീസ് നിഗമനം.
ഷാഫിയെ വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും മൃതദേഹ പരിശോധനയ്ക്കും ശേഷം തിങ്കളാഴ്ച ഉച്ചയോടെ ആമയം ജുമാഅത്ത് പള്ളിയിൽ കബറടക്കും.
റൈഹാനത്താണ് ഷാഫിയുടെ ഭാര്യ. മക്കൾ: മുഹമ്മദ് ഷഹീൻ, ഷഹ്‌മ, ഷഹസ.
Discussion about this post