കലി തുള്ളി കടല്‍; ആഞ്ഞടിച്ച തിരമാലയില്‍ വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്; ഒരാളുടെ തോളെല്ല് സ്ഥാനം തെറ്റി, ഒരാള്‍ക്ക് നട്ടെല്ലിന് ഗുരുതര പരിക്ക്! സംഭവം കോവളത്ത്

തലക്കും ശരീരത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്.

കോവളം: കടലില്‍ കുളിക്കുന്നതിനിടെ വിദേശ സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്. ആഞ്ഞടിച്ച തിരമാലയില്‍ ഒരാളുടെ തോളെല്ലു സ്ഥാനം മാറി. മറ്റൊരാളുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റു. കോവളം ഹവ്വാ ബീച്ചില്‍ കടലില്‍ കുളിക്കുകയായിരുന്ന ഇറ്റാലിയന്‍ സ്വദേശി മാര്‍ക്കോ ക്ലാഡ്‌കോ(53)ക്കാണു പെട്ടെന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പരുക്കേറ്റത്. ലൈഫ് ഗാര്‍ഡുകളുടെ ഇടപെടലാണ് പലര്‍ക്കും ജീവന്‍ തന്നെ തിരികെ ലഭിക്കാന്‍ ഇടയാക്കിയത്.

മാര്‍ക്കോയുടെ തോളെല്ലാണ് സ്ഥാനം തെറ്റിയത്. തലക്കും ശരീരത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് ഇയാള്‍ കുളിയ്ക്കാന്‍ ഇറങ്ങിയത്. തിരമാലയടിയില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നില്ല. യുകെ സ്വദേശികളായ കെയ്ത്ത് സ്‌കില്ലികോണ്‍(45), മകന്‍ ഏതന്‍ സ്‌കില്ലികോണ്‍(10) എന്നിവരും കടലില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ടു.

ലൈഫ് ഗാര്‍ഡ് സൂപ്പര്‍വൈസര്‍ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി എത്തിയത്. തോളെല്ലിനു സാരമായി പരുക്കേറ്റ മാര്‍ക്കോയെ 108 ആംബുലന്‍സ് നഴ്‌സ് ബിന്‍സോ, പൈലറ്റ് വിവിന്‍രാജ് എന്നിവരെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി നഗരത്തിലെ സ്വാകര്യ ആശുപത്രിയിലെത്തിച്ചു. മുല്ലൂര്‍ കടലിലും അപകടം മുല്ലൂര്‍ തോട്ടം ഭാഗത്തെ കടലിത്തീരത്തു കുളിക്കുകയായിരുന്ന റഷ്യന്‍ സഞ്ചാരി അലക്‌സാണ്ടര്‍ ബെര്‍ഷിന്റ്യേന്‍(72)ന് തിരയില്‍പ്പെട്ടു നട്ടെല്ലിനു സാരമായി പരുക്കേറ്റു. ഭാര്യ, സുഹൃത്ത് എന്നിവര്‍ക്കൊപ്പം കുളിക്കുകയായിരുന്ന അലക്‌സാണ്ടറെ അപ്രതീക്ഷിതമായി വന്ന തിര പാറക്കൂട്ടത്തിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Exit mobile version