വിദ്യാർത്ഥിയെ മറ്റൊരു മതത്തിലെ കുട്ടികളെ കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ വീഡിയോ രാജ്യത്തെ ഞെട്ടിക്കുകയാണ്. രാജ്യത്തിന് അഭിമാനം സമ്മാനിച്ച നിരവധി സംഭവങ്ങൾക്കിടെയാണ് രാജ്യത്തിന് നാണക്കേടായ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.
യുപിയിലെ മുസഫർനഗറിലെ കുബപ്പുർ ഗ്രാമത്തിലെ നേഹ സ്‌കൂളിൽ ഒരു മതവിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന അധ്യാപികയുടെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയുടെ മുഖത്ത് അഞ്ഞടിക്കാനാണ് അധ്യാപിക മറ്റ് കുട്ടികളോട് അവശ്യപ്പെടുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.
അധ്യാപികയായ തൃപ്തി ത്യാഗിക്ക് എതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ നടൻ നടൻ ഹരീഷ് പേരടിയും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഹരീഷ് എഴുതിയ കുറിപ്പിൽ 685 കോടിയുടെ ചന്ദ്രയാൻ- 3 ന്റെ അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്നത് കേന്ദ്രസർക്കാർ മറക്കരുതെന്നാണ് പറയുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്‌കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്…അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല…മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ ഇന്ത്യയെ ഉണ്ടാക്കാനാണ് …ആ സ്‌കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു…വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്…