മാനന്തവാടി: ഓണം ആഘോഷിക്കാനുള്ള തിടുക്കത്തിൽ രാവിലെ സന്തോഷത്തോടെ ജോലിക്ക് പോയ ഭാര്യ ചിത്രയുടെ ചേതനയറ്റ ശരീരം കണ്ട കാർത്തികിന് ലോകം തന്നെ അവസാനിക്കുന്നതായാണ് തോന്നിയത്. കാർത്തികിന്റെ ഭാര്യ ചിത്രയും ചിത്രയുടെ അമ്മ ശാന്തയും ജീപ്പ് അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. പത്മനാഭനാണ് ശാന്തയുടെ ഭർത്താവ്.
മാനന്തവാടിയിലെ ഹോട്ടലിൽ പാചക തൊഴിലാളിയാണ് കാർത്തിക്. ജീപ്പ് മറിഞ്ഞുണ്ടായ അപകടവിവരം അറിഞ്ഞ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പാഞ്ഞെത്തിയ കാർത്തിക് മനസുരുകി പ്രാർത്ഥിച്ചത് കേട്ടത് സത്യമാവരുതേ എന്ന് മാത്രമായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചുകൊണ്ട് കാർത്തികിന് കാണേണ്ടി വന്നത് ഉറ്റവരുടെ മൃതദേഹങ്ങളായിരുന്നു.
ചിത്രയുടേയും ശാന്തയുടേയും മൃതദേഹം തിരിച്ചറിഞ്ഞ ശേഷം വിറങ്ങലിച്ച് പോയ കാർത്തികിനെ ആശ്വസിപ്പിക്കാനാകാതെ കൂടി നിന്നവർ കുഴങ്ങി. ഒടുവിൽ ബന്ധുക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് കാർത്തികിനെ വീട്ടിലെത്തിച്ചത്.
തലപ്പുഴ ജിയുപി സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന രാഹുലും അഞ്ചാം ക്ലാസുകാരൻ അമലുമാണ് ചിത്രയുടെയും കാർത്തികിന്റെയും മക്കൾ. ചപ്പുനുള്ളി കിട്ടുന്ന പൈസകൊണ്ട് ഓണക്കോടി വാങ്ങിത്തരാമെന്ന് വാക്കു നൽകിയ അമ്മ തിരികെ എത്തില്ലെന്ന് ഈ കുട്ടികളോട് പറയുമെന്ന കാർത്തികിന്റെ ചോദ്യത്തിന് മറുപടി പറയാൻ ആർക്കും കരുത്തുണ്ടായില്ല.
തലമുറകളായി തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്ത് ജീവിക്കുന്നവരാണ് മക്കിമലയിൽ താമസിക്കുന്നവർ. അപകടത്തിൽ ചിത്ര, ശോഭന, കാർത്യായനി, റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഭൂരിപക്ഷം പേരും ശ്രീലങ്കൻ തേയില തൊഴിലാളികളുടെ പിൻമുരക്കാരണ്. എല്ലാവരും സാധാരണക്കാർ. ദിവസവേതനത്തിന് ജോലി ചെയ്യുന്ന, ചെറിയ സ്വപ്‌നങ്ങളും, ചെറിയ ജീവിതവും സ്വപ്‌നം കണ്ടവർ. ഇത്രയും വലിയൊരു ആഘാതത്തെ എങ്ങനെ മക്കിമലയിലെ പ്രദേശവാസികൾ അതിജീവിക്കുമെന്നാണ് ഉയരുന്ന ചോദ്യം. ഒരുമിച്ച് ജോലി ചെയ്ത് ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരേ വാഹനത്തിൽ മടങ്ങവെ ഒരുമിച്ച് മരണം പുൽകിയ 9 പേരുടെ മൃതദേഹം ഇന്ന് മക്കിമല സ്‌കൂളിൽ ഒരുമിച്ച് പൊതുദർശനത്തിന് എത്തിച്ചിരിക്കുകയാണ്.