മാനന്തവാടി: ഒരേ സ്ഥലത്തുനിന്നും യാത്ര പുറപ്പെട്ട് ഒരേ സമയത്ത് ജോലി തീർത്ത്, ഒരുമിച്ച് തിരിച്ചെത്തുന്നവരായിരുന്നു ആ ഒമ്പതുപേരും. എന്നാൽ ഓണം ആഘോഷിക്കാനുള്ള തിടുക്കത്തിൽ നേരത്തെ ജോലി തീർത്ത് യാത്ര ആരംഭിച്ച അവരെ തേടിയെത്തിയത് മരണമായിരുന്നു. മാനന്തവാടിയിൽ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ അപകടത്തിൽപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് മക്കി മലയിലെ ആറാം നമ്പർ കോളനി. ഇവിടുത്തെ താമസക്കാരായ സാധാരണക്കാരായ കൊളുന്തുനുള്ളുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ട 13പേരും. ഇതിൽ ഒൻപതുപേരുടെ ജീവനാണ് നഷ്ടമായത്.
മക്കിമല ഗ്രാമത്തിലെ നോക്കിയാൽ കാണുന്ന അകലത്തിൽ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ട എല്ലാവരും. പരിക്കേറ്റ അഞ്ചുപേരും ഒരേ കുടുംബത്തിൽ നിന്നുള്ളവർ. മരിച്ചവരിൽ അമ്മയും മകളുമുണ്ട്. സഹോദരന്മാരുടെ ഭാര്യമാരുമുണ്ട്. 2018-ലെ ഉരുൾപൊട്ടൽ മക്കിമലയിൽ വൻ നാശമാണ് ഉണ്ടാക്കിയത്. എന്നാൽ അതിനെ അതിജീവിച്ചു കൊണ്ടിരിക്കെയാണ് നാടിനെ നടുക്കി ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് വൻഅപകടമുണ്ടായത്.
‘മരിച്ചവരിൽ ഒരു അമ്മയും മകളുമുണ്ട്. രണ്ടുപേർ സഹോദരങ്ങളുടെ ഭാര്യമാരാണ്. പരിക്കേറ്റവരിൽ അഞ്ചുപേരും ഒരേകുടുംബത്തിൽനിന്നുള്ളവരാണ്. മരിച്ച എല്ലാവരുടെയും വീടുകളും നോക്കിയാൽകാണുന്ന അകലത്താണ്’ -മക്കിമലയിലെ ശിവരാജൻ പറയുന്നു.
മക്കിമലയിൽനിന്ന് 12 കിലോമീറ്ററോളം ദൂരത്താണ് അപകടം നടന്നത്. ജോലികഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് എത്തിയപ്പോഴാണ് പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ദുരന്തവാർത്ത അറിയുന്നത്. പിന്നെ നേരെ മാന്തവാടി മെഡിക്കൽ കോളേജിലേക്ക്. ഇവിടെ എത്തിയ സമയത്താണ് പലരും ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. ഭാര്യയും അമ്മയും മകളുമൊക്കെയാണ് അപകടത്തിൽപ്പെട്ടതെന്ന് അറിഞ്ഞ് വിറങ്ങലിച്ചു നിന്നവരെ ആശ്വസിപ്പിക്കാൻ പോലും ആർക്കും സാധിക്കുന്നില്ല.
അപകടം നടന്നെന്ന് അറിഞ്ഞ് മാനന്തവാടിയിലെ ആശുപത്രിയിലെത്തിയ പത്മനാഭൻ ദുരന്തവാർത്ത കേട്ട് തളർന്നിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്നവരുടെ ആശ്വാസവാക്കുകൾക്കൊന്നും ഫലമുണ്ടായില്ല. എന്റെ മകളും ഭാര്യയും പോയി എന്ന തേങ്ങൽമാത്രമാണ് കരഞ്ഞുതളർന്ന പത്മനാഭനിൽനിന്ന് ഉയരുന്നത്.
ഈ സാധാരണക്കാരനായ കൂലിതൊഴിലാളിക്ക് നഷ്ടമായത് തന്റെ ഭാര്യ ശാന്തയെയും മകൾ ചിത്രയെയുമാണ്. ഇതേനാട്ടുകാരനായ ബാലനും പത്മനാഭന്റെ തൊട്ടരികിൽത്തന്നെയുണ്ടായിരുന്നു. എങ്കിലും മരവിച്ച അവസ്ഥയിലായിരുന്നു. ബാലന്റെ ഭാര്യ ശോഭനയാണ് അപകടത്തിൽ മരിച്ചത്. ബാലൻ മറ്റൊരു സ്ഥലത്ത് ജോലിക്കായി പോയി തിരിച്ചെത്തിയപ്പോഴാണ് അപകട വിവരമറിഞ്ഞത്.