മലപ്പുറം: മലപ്പുറം തുവ്വൂരിലെ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായ സുജിതയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. തടിച്ചുകൂടിയ നാട്ടുകാരോട് പ്രതികൾ ‘ഞങ്ങളല്ല ഇത് ചെയ്തത്… സത്യമാണ്… ഞങ്ങളല്ല ഇത് ചെയ്തത്…’ എന്ന് വിളിച്ചുപറഞ്ഞത് വലിയ ചചർച്ചയാവുകയാണ്. തെളിവെടുപ്പിനായി പ്രതികളെ മുഖ്യപ്രതിയായ വിഷ്ണുവിന്റെ വീട്ടിൽ എത്തിച്ചപ്പോൾ ഇവർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്നു. ഈ സമയത്താണ് പ്രതികൾ തങ്ങൾ നിരപരാധികളാണെന്നും തങ്ങളെ പ്രതികളാക്കി കേസ് അവസാനിപ്പിക്കാൻ സമ്മതിക്കില്ലെന്നും വിളിച്ചുപറഞ്ഞത്.
അതേസമയം, പ്രതിഷേധിച്ച് എത്തിയ നാട്ടുകാർ പ്രതി വിഷ്ണുവിനെ തള്ളിമാറ്റി. സംഘർഷത്തിനിടെ പോലീസ് പ്രതികളെ ജീപ്പിലേക്കു തന്നെ തിരികെ കയറ്റുന്നതിനിടെയാണ് പ്രതികൾ ഇത്തരത്തിൽ വിളിച്ചു പറഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മാതോത്ത് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണ് പോലീസ് ഇന്നു രാവിലെ തെളിവെടുപ്പിന് എത്തിച്ചത്.
പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവരുന്നതറിഞ്ഞ് വിഷ്ണുവിന്റെ വീടിനു ചുറ്റും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ഇവരെ വാഹനത്തിൽനിന്ന് പുറത്തിറക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. ‘‘മറ്റുള്ള കേസുപോലെ ഇത് ഒതുക്കി വിടാൻ സമ്മതിക്കില്ല. അനിൽകുമാർ എംഎൽഎയ്ക്കും ഇതിൽ പങ്കുണ്ട്, ഉന്നതർക്ക് ഇതിൽ പങ്കുണ്ട്. ആരൊക്കെ ഇതിൽ ഇടപെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയണം. ഇതങ്ങനെ ഒതുക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഇതിൽ ഞാൻ മാത്രമല്ല ഉന്നതർക്കും പങ്കുണ്ടെന്ന് പ്രതി പറഞ്ഞതാണ്’’ എന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നു.ഈ കേസിൽ നിലവിൽ പ്രതി ചേർത്തവർക്കു മാത്രമല്ല ഉന്നത യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരും ആരോപിക്കുന്നുണ്ട്.
ഓഗസ്റ്റ് 11ന് കാണാതായ തുവ്വൂർ പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിതയെ (35)യെയാണ് കൊലപ്പെടുത്തി പ്രതി വിഷ്ണുവിന്റെ വീട്ടിൽ കുഴിച്ചിട്ടതെന്ന് പോലീസ് കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
11ന് കാണാതായ സുജിതയെ അന്ന് ഉച്ചയ്ക്ക് തന്നെ വീട്ടിൽവച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയും ചെയ്‌തെന്നാണ് പ്രതികൾ പോലീസിനു നൽകിയ മൊഴി. തുടർന്ന് അർധരാത്രിയോടെ വീട്ടുവളപ്പിലെ കുഴിയിലാണ് കുഴിച്ചിട്ടത്. തെളിവ് നശിപ്പിക്കാൻ കുഴിക്കു മുകളിൽ മെറ്റൽ വിതറി. തുടക്കംതൊട്ടേ കേസ് വഴിതിരിച്ചുവിടാൻ വിഷ്ണു ശ്രമിച്ചിരുന്നു.