ഫീസ് അടയ്ക്കാന്‍ വൈകി: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തറയില്‍ ഇരുത്തി പരീക്ഷ എഴുതിച്ചു; ക്രൂരത തിരുവനന്തപുരം വിദ്യാധിരാജ ഹൈസ്‌കൂളില്‍

തിരുവനന്തപുരം: ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനോട്
സ്‌കൂള്‍ അധികൃതരുടെ ക്രൂരത. വിദ്യാര്‍ഥിയെ തറയില്‍ ഇരുത്തി പരീക്ഷ എഴുതിച്ചു.
തിരുവനന്തപുരം ആല്‍ത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിന്‍സിപ്പല്‍ ക്രൂരത കാണിച്ചത്.

കുടുംബം പരാതിപ്പെട്ടതോടെ പ്രിന്‍സിപ്പലിന് തെറ്റുപറ്റിപ്പോയി എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. പരസ്യമായി അപമാനിച്ചതിനാല്‍ തുടര്‍ന്ന് കുട്ടിയെ ഇനി ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെന്ന് അച്ഛന്‍ പറഞ്ഞു.

പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് കടന്നുവന്ന പ്രിന്‍സിപ്പല്‍ ജയരാജ് ആര്‍. സ്‌കൂള്‍ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ ജനറല്‍ സയന്‍സ് പരീക്ഷ തറയിലിരുത്തി എഴുതിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ കാര്യം അന്വേഷിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പരിഹാസ മറുപടി.

കുട്ടിയുടെ കുടുംബം വിഷയം പുറത്ത് പറഞ്ഞതോടെ പ്രിന്‍സിപ്പലിനെ തള്ളി മാനേജ്‌മെന്റ് രംഗത്തെത്തി. കുട്ടിയുടെ അച്ഛനെ വിളിച്ച് വിദ്യാദിരാജ ഹയര്‍സെക്കന്ററി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, പ്രിന്‍സിപ്പലാണ് തെറ്റു ചെയ്‌തെന്നും പ്രശ്‌നം ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു.

Exit mobile version