ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. തദ്ദേശ ഭരണ ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി സ്വദേശിനി ഷീജാ നിഷാദ് വണ്ടിപ്പെരിയാറിലെ ഒരു മാംസ വ്യാപാര സ്ഥാപനത്തില്‍ നിന്ന് മാംസം വാങ്ങിയിരുന്നു. ഇത് കഴിച്ചതിനെ തുടന്ന് ഷീജക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചുണ്ടും നാക്കും പൊട്ടുകയും ചെയ്തു.
തുടര്‍ന്ന് ഇവര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ – മാംസ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് വിവരാവകാശ പ്രകാരം അന്വേഷിച്ചു. പഞ്ചായത്തിലെ മുപ്പതോളം മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മറുപടി കിട്ടിയത്.
ഇതനുസരിച്ച് ഷീജാ നിഷാദ് പഞ്ചായത്ത് ഓംബുഡ്‌സ്മാന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് പഞ്ചായത്ത് അധികൃതക്ക് ഓംബുഡ്മാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏഴ് ദിവസത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. അടച്ച വ്യാപാര സ്ഥാപനങ്ങളില്‍ നോട്ടീസും പതിപ്പിച്ചു.
അതേസമയം, അന്‍പത് വര്‍ഷമായി മാംസ വ്യാപാരം നടത്തുന്നവര്‍ക്ക് അറവ് ശാലയുള്‍പ്പെടെ ഒരുക്കി നല്‍കിയിട്ടില്ലെന്ന പരാതിയുമായി കടയുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.