ഇടുക്കി: തൊഴുത്തില്‍ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം ഓലിയില്‍ (ചെറിയ കിണര്‍) വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടുക്കി കരുണപുരം വയലാര്‍ നഗര്‍ സ്വദേശി ഉഷയാണ് മരിച്ചത്. പശുവിനെ കറക്കുന്നതിനായി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെ പശു ഓടുകയായിുന്നു. പിന്നാലെ പശുവിനെ പിടിക്കാന്‍ പോയ ഉഷ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കിണറിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് ഉഷയുടെ ദേഹത്തേക്ക് പശുവും വീണു. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ചെറിയ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചു വരുത്തി ജെസിബി ഉപയോഗിച്ച് പശുവിനെ മാറ്റിയ ശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉഷയെ ഉടന്‍ തന്നെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു, ശേഷം കട്ടപ്പനയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.