തൃശ്ശൂര്‍: ട്രാന്‍സ്‌ജെന്‍ഡേഴ്സിനൊപ്പം ഓണം ആഘോഷിച്ച് നടന്‍ സുരേഷ് ഗോപി. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഓണാഘോഷം പരിപാടിയിലായിരുന്നു താരം പങ്കെടുത്തത്. അവര്‍ക്ക് ഓണസദ്യ വിളമ്പുകയും തലകുനിച്ച് അനുഗ്രഹം തേടുകയും ചെയ്തു. തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
”ഞാന്‍ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേര്‍ന്നു നില്‍ക്കുന്നതും, ചേര്‍ത്തുപിടിക്കുന്നതും. എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാന്‍ ഇവിടെ ചെയ്തത്. ഇവരുടെ കൈകളിലേക്ക് സന്തോഷം പകര്‍ത്തുന്നതിനു വേണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കാന്‍ പറ്റുക. അവരുടെ പാദം തൊട്ട് നമസ്‌കരിച്ചതും അതുകൊണ്ടാണ്.”സുരേഷ് ഗോപി പറഞ്ഞു.
ഇവര്‍ക്കു വേണ്ട എല്ലാവിധ സഹായവും നല്‍കും. സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന അഭിരാമി എന്ന വിദ്യാര്‍ഥിക്ക് പഠന സഹായവും സുരേഷ് ഗോപി പ്രഖ്യാപിച്ചു. അച്ഛനും മറ്റൊരു മകളും എന്നാണ് സുരേഷ്‌ഗോപി അഭിരാമിയെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞത്. അവതാരകയുടെ ആവശ്യപ്രകാരം കമ്മിഷണര്‍ സിനിമയിലെ ഡയലോഗും പറഞ്ഞാണ് വേദിയില്‍ നിന്ന് താരം യാത്രയായത്.