പാലക്കാട്: ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലാണ് അനുശ്രീ നിലപാട് വ്യക്തമാക്കിയത്.
”ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെയാണ് എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്” അനുശ്രീ പറഞ്ഞു.
മിത്ത് വിവാദത്തില്‍ നേരത്തേ നടന്‍ ഉണ്ണി മുകുന്ദനും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവര്‍ നാളെ കൃഷ്ണനും ശിവനും പിന്നെ നിങ്ങളും മിത്താണെന്ന് പറയുമെന്നും ഹിന്ദുക്കള്‍ അവരുടെ അവസ്ഥ മനസ്സിലാക്കണമെന്നുമായിരുന്നു ഉണ്ണിയുടെ പ്രതികരണം. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.