ഷൊർണൂർ: ചില പിശാചുക്കൾ ഹിന്ദുവിലെ വിശ്വാസിയെ ഉണർത്തി. കൂട്ടത്തിൽ ഞാനും ഉണർന്നെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ലോകം മുഴുവൻ ഉറ്റു നോക്കുന്ന മറ്റൊരു തൃശൂർ പൂരമായി ഗണേശോത്സവം മാറണമെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് ഇത്രയും നല്ല തീരുമാനമെടുക്കാൻ സാധിച്ചെങ്കിൽ അതിന് ചില പിശാചുകളോട് നന്ദി പറയുന്നു. ‘ഹിന്ദുവിനെ അവർ ഉണർത്തി. ഹിന്ദുവിലെ വിശ്വാസിയെ ഉണർത്തി. കൂട്ടത്തിൽ ഞാനും ഉണർന്നു.’- എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
‘എനിക്കെന്തെങ്കിലുമൊക്കെ തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് തിരുത്ത് സംഭവിക്കണമെന്ന ദൃഢനിശ്ചയം ഹൃദയത്തിലുണ്ടായെങ്കിൽ, ആ പിശാചിന് നന്ദി’- എന്നും സുരേഷ് ഗോപി പറഞ്ഞു.
ഷൊർണൂർ മണ്ഡലം ഗണേശോത്സവത്തിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. ആറേഴ് വർഷത്തോളമായി ഗണേശോത്സവത്തിൽ പങ്കെടുക്കാൻ വിളിക്കാറുണ്ടെങ്കിലും തനിക്ക് അതിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇനി കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി രണ്ടുകാലിൽ നടക്കാൻ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളിൽ പങ്കെടുക്കും എന്നുമാണ് തീരുമാനമെന്നും സുരേഷ് ഗോപി പറഞ്ഞു.