മലപ്പുറം: നിലമ്പൂരിനടുത്ത് തുവ്വൂരിൽ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നിലെ യഥാർഥ കാരണം പ്രതികൾ മറച്ചുവെയ്ക്കുന്നതായി പോലീസ് അറിയിച്ചു.
സുജിത ദേഹത്തണിഞ്ഞ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ മാത്രമായി കൊലപാതകം നടത്തില്ലെന്നാണ് പോലീസ് അനുമാനം. പ്രാഥമിക ചോദ്യംചെയ്യലിൽ പ്രധാന പ്രതി വിഷ്ണു യഥാർഥ കാരണം മറച്ചുവയ്ക്കുന്നുവെന്നും പോലീസ് സംശയിക്കുന്നു.
എന്തിനാണ് സംഭവദിവസം സുജിത വിഷ്ണുവിന്റെ വീട്ടിലെത്തിയത്, ഇവർ തമ്മിൽ മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനാണ് പോലീസ് ശ്രമം. ഇതിനായി അറസ്റ്റിലായ യൂത്ത്‌കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണുവിനേയും കൂട്ടുപ്രതികളേയും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
അതേസമയം, കള്ളക്കഥകൾ പ്രചരിപ്പിച്ച് വിഷ്ണുവും സുഹൃത്തുക്കളും കൊലപാതകം മറയ്ക്കാൻ ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി. സുചിത മറ്റൊരാൾക്കൊപ്പം ബംഗളൂരുവിലേക്ക് പോയെന്നായിരുന്നു വിഷ്ണുവിന്റെയും സുഹൃത്തുക്കളുടെയും പ്രചാരണം.
ALSO READ- ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്ക്
ഇതിനിടെ, പ്രതികൾക്ക് കോൺഗ്രസ് സഹായം ലഭിച്ചോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. കൊലപാതകം നടത്തിയത് വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ചേർന്നാണെന്ന് ബോധ്യപ്പെട്ടെങ്കിലും കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തതകൾ തുടരുകയാണ്.