തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും. നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകളാണ് സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറന്നത്. തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവില്‍ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതില്‍ ആദ്യഘട്ടമായി അറുപത് ബസുകളാണ് ശനിയാഴ്ച കൈമാറുന്നത്.
അതേസമയം, പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും മുഖ്യമന്ത്രി പിണറായി വിജയന്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കും. ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബസുകള്‍ ഏറ്റുവാങ്ങും. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ഹൈ ടെക് ബസുകളുടെ ഫ്‌ലാഗ് ഓഫ് ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും.