മൂന്ന് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തി; പ്രവേശനം പ്രത്യേക സുരക്ഷയില്ലാതെ; സ്ഥിരീകരിച്ച് പോലീസ് വീഡിയോ

പത്തനംതിട്ട: വീണ്ടും ശബരിമലയില്‍ യുവതീപ്രവേശനം നടന്നെന്ന് റിപ്പോര്‍ട്ടുകള്‍. മലേഷ്യയില്‍ നിന്നെത്തിയ തമിഴ് സംഘത്തോടൊപ്പമുണ്ടായിരുന്ന മൂന്ന് യുവതികളാണ് ദര്‍ശനം നടത്തിയതെന്നാണ്‌സൂചന. 25 സംഘത്തോടൊപ്പമാണ് ഈ യുവതികള്‍ എത്തിയത്. സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ മലയാളികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പിന്നാലെ ഇതേ ദിവസം തന്നെ മൂന്ന് യുവതികള്‍ കൂടി ദര്‍ശനം നടത്തിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലേഷ്യയില്‍ താമസക്കാരായ മൂന്ന് തമിഴ്നാട് യുവതികളാണ് ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചിത്രം സഹിതം പറയുന്നു. പോലീസ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. യുവതികള്‍ മുഖം മറച്ചു കൊണ്ട് മലയിറങ്ങുന്ന 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പോലീസ് പകര്‍ത്തിയത്. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് ഇവര്‍ സന്നിധാനത്തെത്തിയതെന്നും തിരിച്ച് പത്തു മണിയോടെ പമ്പയിലെത്തിയെന്നും പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

25 പേരടങ്ങുന്ന മലേഷ്യന്‍ സംഘത്തിലാണ് മൂന്ന് യുവതികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ സംബന്ധിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. പോലീസ് സുരക്ഷയില്ലാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്.

ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ശബരിമലയില്‍ ദര്‍ശനം നടത്തുന്ന യുവതികളെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവര്‍ക്ക് മുന്‍പ് തന്നെ യുവതികള്‍ ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

Exit mobile version