തിരുവനന്തപുരം: ഇത്തവണത്തെ മൺസൂൺ ബംബർ ലോട്ടരിയുടെ ഒന്നാം സമ്മാനം നേടിയ ഹരിത കർമ്മ സേനാംഗങ്ങളെ തലസ്ഥാനത്തേക്ക് ക്ഷണിച്ച് സമ്മാനം കൈമാറി സർക്കാർ. സമ്മാനതുകയായ പത്ത് കോടി രൂപ സർക്കാർ ഓണസമ്മാനമായാണ് കൈമാറിയത്. ചടങ്ങിൽ മന്ത്രിമാരായ കെഎൻ ബാലഗോപാൽ, എംബി രാജേഷ്, ആന്റണി രാജു തുടങ്ങിയവർ പങ്കെടുത്തു.
ഇത്തരത്തിൽ വിജയികളെ ക്ഷണിച്ചു വരുത്തി സർക്കാർ സമ്മാനം കൈമാറുന്നത് ആദ്യമായാണ്. സഹപ്രവർത്തകർക്ക് സമ്മാനമടിക്കാനായി ജേതാക്കൾ ഇത്തവണത്തെ ഓണം ബംബറും വാങ്ങുന്നുണ്ട്. മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിതകർമ്മ സേനാംഗങ്ങളായ ലീലയും കൂട്ടുകാരായ പത്തുപേരുമാണ് ഇന്നലെതന്നെ സമ്മാനമേറ്റ് വാങ്ങാനായി തലസ്ഥാനത്തെത്തിയത്.
മൺസൂൺ ബംബറിന്റെ സമ്മാനത്തുകയിലൂടെ കോടിപതികളായിട്ടാണ് സർക്കാരിന്റെ അതിഥികളായുള്ള ഈ വരവ്. നമ്മുടെ പരിസരം ശുചിയാക്കാൻ പ്രയത്‌നിക്കുന്ന അമ്മമാർക്ക് ലഭിച്ച സമ്മാനതുക കൈമാറിയ വേദി അവർക്കുള്ള ആദരവ് കൂടിയായി മാറി.
നറുക്കെടുപ്പ് നടന്ന വേദിയിൽ തന്നെയാണ് വിജയികൾക്ക് തുകയും സമ്മാനിച്ചത്. പത്ത് കോടി രൂപയ്ക്ക് അർഹരാക്കിയ ലോട്ടറിയുടെ നറുക്കെടുപ്പ് ദൃശ്യങ്ങൾ അവർക്കായി വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സന്തോഷം സമ്മാനിച്ച ദൈവത്തിനും സർക്കാരിനും നന്ദിയെന്ന് സമ്മാനർഹയായ ലീല പറഞ്ഞു.
കൂടാതെ, ഹരിതകർമ്മ സേനാംഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചടങ്ങിൽ പങ്കെടുത്ത തദ്ദേശമന്ത്രിയുമായി അവർ പങ്കിട്ടു. ലോട്ടറിയിലൂടെ കോടിപതികളായെങ്കിലും ഇപ്പോൾ ചെയ്യുന്ന ജോലി തുടരുമെന്ന് ഇവർ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു.
അതേസമയം, കേരള ലോട്ടറിയ്ക്ക് സമ്മാനം കിട്ടുന്നില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് ഈ സമ്മാനവിതരണമെന്ന് ഹരിതകർമ്മ സേനാംഗങ്ങളും ധനമന്ത്രിയും ഭാഗ്യം പരീക്ഷിക്കുന്നവരോട് പറഞ്ഞു.
Discussion about this post