തുവ്വൂർ: നിലമ്പൂരിനടുത്ത് തുവ്വൂരിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് മലപ്പുറം എസ്പി സുജിത്ദാസ്. യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ഉൾപ്പടെ നാലുപേർ ചേർന്ന് സുജിതയെന്ന യുവതിയെ കൊലപ്പെടുത്തിയതെന്നു തെളിഞ്ഞു. കൃത്യം നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട് അതിന് മുകളിൽ മെറ്റലും ഹോളോബ്രിക്സും എം സാൻഡും നിരത്തി യാതൊരു സംശയത്തിനും ഇടനൽകാതെയായിരുന്നു പ്രതികളുടെ പ്രവർത്തിയെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം മണ്ണിട്ടു മൂടിയ ശേഷം കോഴിക്കൂട് മുകളിൽ സ്ഥാപിച്ചിരുന്നു. ഈ സ്ഥലത്ത് കുളിമുറി നിർമിക്കാനും പ്രതികൾ പദ്ധതിയിട്ടിരുന്നെന്നും എസ്പി വെളിപ്പെടുത്തി. ഓഗസ്റ്റ് 11-ാം തീയതി മുതൽ കാണാതായ തുവ്വൂർ സ്വദേശിയും കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയുമായിരുന്ന സുജിതയെ സുഹൃത്തും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കൊലപ്പെടുത്തിയത്.
കേസിൽ വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ് എന്നിവരാണ് പ്രതികൾ. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് എസ്പിയുടെ വിശദീകരണം. ഇവർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകം നടന്ന വിവരവും മൃതദേഹം മറവുചെയ്ത കാര്യവും വിഷ്ണുവിന്റെ അച്ഛനും അറിയാമായിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി അറിയിച്ചു.
വിഷ്ണുവും സുജിതയും പരിചയമുള്ളവരാണ്. യുവതിയെ കാണാതായതിന് പിന്നാലെ സംശയമുള്ളവരുടെ മൊബൈൽഫോൺ വിവരങ്ങൾ പരിശോധിച്ചിരുന്നു. ഇതോടെയാണ് സംശയങ്ങൾ വിഷ്ണുവിന് നേരെ തിരിഞ്ഞത്. യുവതിയുടെ സ്വർണാഭരണം നഷ്ടപ്പെട്ടോ എന്ന് പോലീസ് അന്വേഷിച്ചിരുന്നു. ഈ സമയത്താണ് വിഷ്ണു ഒരു ജൂവലറിയിൽ സ്വർണം പണയംവെച്ചതായി കണ്ടെത്തിയ്ത. ഇതോടെയാണ് ഇയാളെയും പോലീസ് നിരീക്ഷണത്തിലാക്കിയത്.
ഓഗസ്റ്റ് 11-ാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്. വിഷ്ണുവും ഇയാളുടെ രണ്ട് സഹോദരങ്ങളും സുഹൃത്തായ ഷഹദും ചേർന്നാണ് കൃത്യം നടത്തിയത്.കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായ സുജിത, തലവേദനയാണെന്നും സമീപത്തെ പിഎച്ച്‌സിയിലേക്ക് പോവുകയാണെന്നും പറഞ്ഞാണ് ഓഫീസിൽനിന്നിറങ്ങിയത്.
ഇവർ എന്നാൽ പോയത് വിഷ്ണുവിന്റെ വീട്ടിലേക്കായിരുന്നു. ഈ സമയത്ത് യുവതിയെ കാത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നു. ഈ സമയം മറ്റുപ്രതികളും പുറത്ത് കാത്തിരിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് യുവതി കയറിയതോടെ പിന്നാലെയെത്തിയ മറ്റുപ്രതികളും ചേർന്ന് യുവതിയെ ആക്രമിച്ചു. ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ യുവതി ബോധംകെട്ട് നിലത്തുവീഴുകയായിരുന്നു.
തുടർന്ന് കഴുത്തിൽ കയർ കുരുക്കി ജനലിൽ കെട്ടിവലിക്കുകയായിരുന്നു. ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. ഇതിനിടെ, യുവതിയുടെ സ്വർണാഭരണങ്ങളും പ്രതികൾ കവർന്നു. ഉച്ചയോടെ വിഷ്ണുവാണ് സ്വർണാഭരണം പണയംവെക്കാനായി പോയി. കിട്ടിയ പണം ഇയാൾ മറ്റുപ്രതികൾക്കുമായി വീതിച്ചുനൽകി.
കൃത്യം നടന്ന ദിവസം തന്നെ അർധരാത്രിയോടെയാണ് മൃതദേഹം മറവുചെയ്തത്. വീടിന്റെ പിറകിൽ മാലിന്യം നിക്ഷേപിക്കുന്ന കുഴി വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം അവിടെ മണ്ണിട്ട് നികത്തി. ഹോളോബ്രിക്സുകളും മെറ്റലും എം സാൻഡും അവിടെ നിരത്തുകയായിരുന്നു. ഈ സ്ഥലത്ത് ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കാനായി നിർമാണപ്രവൃത്തി നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്.
ദൃശ്യം മോഡൽ കൊലപാതകമാണ് പ്രതികൾ നടപ്പിലാക്കിയത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിർമിക്കാനായിരുന്നു പദ്ധതി. യുവതിയെ കാണാതായ സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു പോലീസിനെതിരെയും അന്വേഷണത്തിലെ വീഴ്ചയും ചൂണ്ടിക്കാണിച്ച് വലിയ പ്രചാരണമാണ് നടത്തിയത്. ഇതിനിടെ, പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇയാൾ പോലീസ് വലയിലായത്.
നേരത്തെ വിഷ്ണുവിന്റെ അനുജൻ പോക്സോ കേസിൽ പ്രതിയായിരുന്നെന്നും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഫൊറൻസിക് സർജന്റെ സാന്നിധ്യത്തിലാണ് കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കമുള്ളതിനാൽ വിശദമായ പരിശോധന നടത്തും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post