കരുമാല്ലൂർ: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ആരോഗ്യനില വഷളായി ഹൃദയസ്തംഭനമുണ്ടായ യുവതി മരണപ്പെട്ടു. ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ശ്വേത(22)യാണ് മരിച്ചത്.
ആലുവിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ശേതയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അണ്ഡാശയത്തിൽ ചില അസുഖങ്ങൾ കാരണമാണ് ഈ മാസം 16-ന് ശ്വേതയെ ആലുവ ദേശം സിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതിനായി 17-ന് രാവിലെ 9.15-ന് അനസ്തേഷ്യ നൽകി. പിന്നാലെ 9.45-ഓടെ ഇവർക്ക് ഹൃദയസ്തംഭനം ഉണ്ടായി. തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറഞ്ഞ് ആരോഗ്യനില വഷളായി. എന്നാൽ, ഈ സമയത്ത് ഓക്സിജൻ നൽകാനുള്ള സജ്ജീകരണങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ഇത് പുറമേനിന്ന് വരുത്തിയപ്പോഴേക്കും ശ്വേതയുടെ ആരോഗ്യനില ഗുരുതരമായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഇതിനിടെ മസ്തിഷ്ക മരണം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. പിന്നീട് ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നായിരുന്നു മരണം.
അതേസമയം, സിഎ ആശുപത്രിയിൽ അനസ്തേഷ്യ കൊടുത്തതിൽ വന്ന പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതികരണത്തിനില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഒന്നര വർഷം മുൻപായിരുന്നു ശ്വേതയുടെ വിവാഹം. ഫാക്ടിലെ താത്കാലിക ചുമട്ടുതൊഴിലാളിയായ വിഷ്ണുവാണ് ഭർത്താവ്. മാള എരവത്തൂർ പിച്ചച്ചേരിൽ പറമ്പിൽ ബാബു, ബിന്ദു ദമ്പതിമാരുടെ മകളാണ്. ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Discussion about this post