കോട്ടയം: വൈദ്യുതി ലൈനിനോട് ചേര്‍ന്നു നില്‍ക്കുന്ന ടച്ചിങ് വെട്ടുതിനിടെ വാഴക്കൈ മുറിച്ചതിനാല്‍ കെഎസ്ഇബി ഓഫീസിന് മുന്നിലെ മരത്തൈകള്‍ വെട്ടി നശിപ്പിച്ചു കര്‍ഷകന്റെ പ്രതിഷേധം. അയ്മനം കെഎസ്ഇബി ഓഫീസിനു മുന്നില്‍ നട്ട് വളര്‍ത്തുന്ന മൂന്ന് മാവിന്‍ തൈകളും ഒരു പ്ലാവിന്‍ തൈയുമാണ് കര്‍ഷകനായ സേവ്യര്‍ വെട്ടിമാറ്റിയത്. കെഎസ്ഇബിക്കാരുടെ ശല്യം സഹിക്ക വയ്യാതെയാണ് മരത്തൈകള്‍ വെട്ടിയതെന്നാണ് കര്‍ഷകന്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ച ടച്ചിങ് വെട്ടുന്നതിന്റെ ഭാഗമായി കെഎസ്ഇബി ജീവനക്കാര്‍ സേവ്യറിന്റെ ലൈനില്‍ മുട്ടുന്ന തരത്തില്‍ നിന്ന 8 വാഴക്കൈകളും ഏതാനും ഓല മടലുകളും വെട്ടിമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കെഎസ്ഇബി ഓഫീസിലെത്തി സേവ്യര്‍ മാവിന്‍ തൈകളും പ്ലാവിന്‍ തൈകളും വെട്ടിയത്.
ഒന്നര വര്‍ഷം മുന്‍പ് ഓഫീസ് ഉദ്ഘാടന സമയത് അതിഥികളായി എത്തിയവര്‍ നട്ട തൈകളാണ് സേവ്യര്‍ വെട്ടിയത്. എന്നാല്‍ ഗതികെട്ടായിരുന്നു തന്റെ പ്രതിഷേധമെന്ന് കര്‍ഷകനായ സേവ്യര്‍ പറയുന്നു. മുമ്പും ടച്ചിംഗ് വെട്ടുന്നു എന്ന പേരില്‍ തന്റെ വീട്ടിലെ കാര്‍ഷിക വിളകള്‍ കെഎസ്ഇബിക്കാര്‍ വെട്ടി നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതിയില്‍ സേവ്യറിനെതിരെ പൊതുമുതല്‍ നശീകരണത്തിന് കുമരകം പോലീസ് കേസെടുത്തു.