തുവ്വൂർ: മലപ്പുറം ജില്ലയിലെ തുവ്വൂരിൽ കാണാതായ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയെ കാണാതായത് മുതൽ തിരച്ചിലിനു ഒപ്പമുണ്ടാവുകയും ഫേസ്ബുക്കിലൂടെ നിരന്തരം അപ്‌ഡേഷനുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്ന വിഷ്ണു തന്നെയാണ് കൊലയാളിയെന്ന് ഇനിയും നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല.
ഈ മാസം 11ന് കാണാതായ തുവ്വൂരില്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയ്ക്കായി അന്വേഷണം നടക്കുമ്പോൾ, കേസുമായി ബന്ധപ്പെട്ട് വിഷ്ണു തുടർച്ചയായി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇതിനിടെയാണ്, പോലീസിന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വിഷ്ണുവിനു നേരെ സംശയം തോന്നിയത്.
സുജിതയെ കാണാതാകുന്നതിനു തൊട്ടുമുൻപ് അവരുടെ ഫോണിലേക്ക് എത്തിയ കോൾ വിഷ്ണുവിന്റേതായിരുന്നു. ഈ ഫോൺകോളിനു ശേഷം സുജിതയുടെ ഫോൺ സ്വിച്ച് ഓഫായെന്നും പോലീസ് കണ്ടെത്തി. പിന്നീട് വിഷ്ണുവിന്റെ ഫോണിൽനിന്നും കുറേ നേരത്തേക്ക് മറ്റു കോളുകളൊന്നും പോയിരുന്നില്ല. ഇത്തരം സൂചനകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു കസ്റ്റഡിയിലായത്.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.
അതേസമയം, കൃഷിഭവൻ ജീവനക്കാരിയായ സുജിതയെ കാണാതാകുന്നതിനു മുൻപേ വിഷ്ണു പഞ്ചായത്തിലെ ജോലി ഉപേക്ഷിച്ചിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് വിഷ്ണു. വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സുജിതയുടേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
സുജിതയെ കാണാതായ 11നു തന്നെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സുജിതയെ കാണാതായതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് കരുവാരകുണ്ട് പോലീസ് ഫേസ്ബുക്ക് പേജിൽ ‘കാൺമാനില്ല’ എന്ന പേരിൽ അറിയിപ്പ് നൽകിയിരുന്നു. ഇത് പങ്കുവച്ച വിഷ്ണു തിരച്ചിലിൽ സഹകരിച്ചിരുന്നു.
പൊതുപ്രവർത്തകൻ കൂടിയായ വിഷ്ണു ‘എല്ലാവരും പരമാവധി ഷെയർ ചെയ്യുക’ എന്ന കുറിപ്പു സഹിതം സുജിതയെ കാണാതായ വിവരം വിഷ്ണു ഈ മാസം 14നും പോസ്റ്റ് ചെയ്തിരുന്നു. സുജിതയെ കണ്ടെത്താനായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചപ്പോൾ അവിടെയും വിഷ്ണു സജീവമായിരുന്നു.
സുജിതയെ ഇല്ലാതാക്കിയതിന് പിന്നിൽ സാമ്പത്തിക കാരണങ്ങളെന്ന് പോലീസ് കസ്റ്റഡിയിലുള്ള പ്രതി വിഷ്ണു മൊഴി നൽകി. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ വിഷ്ണുവും സുജിതയും തമ്മിൽ അടുത്ത പരിചയക്കാരായിരുന്നു. സുജിതയുടെ ആഭരണം കവരാനായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം കുടുംബാംഗങ്ങളും കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ പിതാവ് മുത്തു എന്ന കുഞ്ഞുണ്ണി, സഹോദരൻമാരായ വൈശാഖ്, വിവേക് (ജിത്തു), ഇവരുടെ സുഹൃത്ത് ഷിഹാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
വിഷ്ണുവിന്റെ അമ്മ നേരത്തെ മരിച്ചതാണ്. വിഷ്ണുവിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിൽ പോയിരിക്കുകയാണെന്നും നാട്ടുകാർ പ്രതികരിച്ചു.