വാക്ക് പാലിച്ച് ഗണേഷ് കുമാര്‍: അര്‍ജുന് സ്വന്തം വീടായി, സര്‍പ്രൈസ് സമ്മാനവും നല്‍കി എംഎല്‍എ

കൊല്ലം: വാക്ക് പാലിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ, പത്തനാപുരത്തെ ഏഴാം ക്ലാസുകാരന്‍ അര്‍ജുന് സ്വന്തം വീടായി. വീടിന്റെ താക്കോല്‍ കൈമാറി അഞ്ജുവും അര്‍ജുനും വീട്ടില്‍ താമസം തുടങ്ങി. വീടിന്റെ ഗൃഹപ്രവേശനവും കഴിഞ്ഞു. അര്‍ജുന്‍ തന്നെയാണ് നിലവിളക്കുമായി വീടിനുള്ളിലേക്ക് കയറിയത്. ഗണേഷ് കുമാറും സമീപവാസികളും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് പത്തനാപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനും വീടുവെച്ച് നല്‍കുമെന്ന് ഗണേഷ് കുമാര്‍ വാക്കുനല്‍കിയത്. വീട് വച്ച് നല്‍ക്കുക മാത്രമല്ല, വീട്ടിലേക്ക് ആവശ്യമായ വസ്തുക്കളെല്ലാം വീട്ടിലൊരുക്കുകയും ചെയ്തിട്ടുണ്ട് ഗണേഷ് കുമാര്‍. വീടിനൊപ്പം തന്നെ ഒരു സൈക്കിളും അര്‍ജുന് ഗണേഷ് കുമാര്‍ സമ്മാനമായി നല്‍കി. ഇത് സ്വപ്നമാണോ എന്ന് തോന്നിയെന്ന് അര്‍ജുന്‍ പറയുന്നു.

കമുകുംചേരിയില്‍ ‘നവധാര’യുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് അര്‍ജുന്റെ കാര്യം ഗണേഷ് കുമാറിനോട് പറഞ്ഞത്. പഠനത്തില്‍ മിടുക്കനായ അര്‍ജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും അന്ന് സുനിത ഗണേഷ് കുമാറിനോട് പറഞ്ഞു.

‘ എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടും തരും’ എന്നാണ് അര്‍ജുനെയും അമ്മയെയും സന്ദര്‍ശിച്ച ഗണേഷ് കുമാര്‍ അന്ന് പറഞ്ഞത്. അന്ന് ആ വാക്ക് നല്‍കിയ സന്തോഷം കൊണ്ട് അര്‍ജുന്‍ ഗണേഷ് കുമാറിനെ ചേര്‍ത്തുപിടിച്ച് ഉമ്മവെച്ചത് സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു.

തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് അഞ്ച് മാസം തികയുമ്പോള്‍, അര്‍ജുനും അമ്മ അഞ്ജുവിനും വീടിന്റെ താക്കോല്‍ അദ്ദേഹം തന്നെ കൈമാറി. അര്‍ജുന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ വന്‍ സന്തോഷമുണ്ടെന്നും വീടിന്റെ നിര്‍മാണത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷിന്റെ പ്രവ്യത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് എത്തുന്നത്.

Exit mobile version