തിരുവനന്തപുരം: വിവിധ ക്ലബുകളും സമിതികളും ഓണക്കാലത്ത് നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമെന്ന് എക്‌സൈസ്. സംഭാവന കൂപ്പണുകൾ നറുക്കെടുത്ത് വിജയിക്കുന്നവർക്കും മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ ഓണക്കാലത്ത് പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും എക്‌സൈസ് പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ ഇത്തരത്തിൽ വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്ന തരത്തിലുള്ള മത്സരക്കൂപ്പണുകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എന്നാൽ, മദ്യം സമ്മാനമായി നൽകുമെന്ന് കാട്ടി കൃത്രിമമായി തയാറാക്കുന്ന മത്സരകൂപ്പണുകളും ചിലർ വൈറലാകാൻ വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലെ സമൂഹമാധ്യമങ്ങളിലെ നോട്ടിസുകൾ കണ്ട് അനുകരിക്കരുതെന്നും എക്‌സൈസ് പറയുന്നു.
അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നൽകുന്നത് കുറ്റകരമാണ്. ആറുമാസംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടി ചേർന്നതോ ആണ് ശിക്ഷയെന്നും എക്‌സൈസ് മുന്നരിയിപ്പ് നൽകുന്നു.
പപ്പോഴും രസീതുകളിൽ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ പരിശോധനയ്ക്ക് എക്‌സൈസിനു പരിമിതികളുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓണക്കാലത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള എക്‌സൈസിന്റെ സ്‌പെഷൽ ഡ്രൈവ് ഓഗസ്റ്റ് 6ന് ആരംഭിച്ച് സെപ്റ്റംബർ 5 വരെ പ്രവർത്തിക്കും.
ചില ലൈസൻസുള്ള സ്ഥാപനങ്ങളിൽ ഓണത്തിനോടനുബന്ധിച്ച് മദ്യ ഉപയോഗം വർധിപ്പിക്കാൻ പ്രത്യേക ആനുകൂല്യം നൽകി മദ്യവിൽപ്പന നടത്തുന്നത് പരിശോധിക്കണമെന്ന് എക്‌സൈസ് കമ്മിഷണർ നിർദേശം നൽകി.