എൽദോസ് റബ്ബർ തോട്ടത്തിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതല്ല; സാജു കൊലപ്പെടുത്തിയത്; ജീവനൊടുക്കിയതെന്ന് സംശയിച്ച കേസ് കൊലപാതകമെന്ന് പോലീസ്

കോലഞ്ചേരി: റബ്ബർ തോട്ടത്തിൽ യുവാവിനെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. നെല്ലാട് വീട്ടൂർ പുന്നോപ്പടി റോഡിൽ വനാതിർത്തിയിലെ റബ്ബർ തോട്ടത്തിൽ കുന്നക്കുരുടി പൂണിയറ എൽദോസിനെയാണ് (42) മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ രായമംഗലം കീഴില്ലം വട്ടപ്പറമ്പിൽ സാജു പൗലോസിനെ (60) കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ റബ്ബർത്തോട്ടത്തിലാണ് എൽദോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചുള്ള ആത്മഹത്യയാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. മൃതദേഹ പരിശോധനയിൽ തലയ്ക്ക് പിന്നിൽ മുറിവു കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

കൊല്ലപ്പെട്ട എൽദോസിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഡ്രൈവറായ എൽദോസും സാജു പൗലോസും പണമിടപാടിനെ ചൊല്ലിയും മറ്റും കലഹിച്ചിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ALSO READ- കുനിയുന്നതും നിവരുന്നതും നല്ലതാണ്; എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

ഇവർ തമ്മിൽ വാക്കാലുള്ള കരാറും പണമിടപാടുകളും ഉണ്ടായിരുന്നു. കരാർ ലംഘിച്ചെന്നാരോപിച്ച് എൽദോസിനെ സാജു ചോദ്യം ചെയ്തിരുന്നു. ഇത് വാക്കേറ്റത്തിലും പിന്നീട് കൈയേറ്റത്തിലും കലാശിക്കുകയായിരുന്നു. ഉന്തുംതള്ളുമുണ്ടായതിനെ തുടർന്ന് സാജു കല്ലും വടിയും ഉപയോഗിച്ച് എൽദോസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായതെന്ന് പോലീസ് വ്യക്തമാക്കി.

ഒളിവിൽ പോയ സാജുവിനെ ഒക്കലിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. എൽദോസിന്റെ ഭാര്യ: മഞ്ജു, മക്കൾ: സാന്ദ്ര, സാന്ത്വന.

Exit mobile version