തലയ്ക്ക് പരിക്കുമായി പോലീസ് സ്റ്റേഷനിലെത്തി യുവാവ്, ചികിത്സ തേടാന്‍ നിര്‍ദേശിച്ച് പോലീസ്, സ്റ്റേഷന്‍ താഴിട്ടു പൂട്ടി മുങ്ങി!

മുറിവുകളുമായി എത്തിയ ഇയാളോട് ആദ്യം ആശുപത്രിയില്‍ ചികിത്സതേടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരം: പരിക്കുകളുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് സ്റ്റേഷന്റെ മുന്‍വശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം മുങ്ങി. അമ്പൂരി സ്വദേശി നോബി തോമസ് എന്ന 40കാരനാണ് വെള്ളറട പോലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ടു പൂട്ടി മുങ്ങിയത്. ശനിയാഴ്ചയാണ് സംഭവം. അമ്പൂരി ജംഗ്ഷനില്‍ വെച്ച് ഒരാള്‍ തന്നെ മര്‍ദിച്ചു എന്നും ഉടന്‍ കേസ് എടുക്കണം എന്നും പറഞ്ഞാണ് തലയില്‍ നിന്ന് ചോരവാര്‍ന്ന് നിലയില്‍ ഇയാള്‍ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ മുറിവുകളുമായി എത്തിയ ഇയാളോട് ആദ്യം ആശുപത്രിയില്‍ ചികിത്സതേടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

എന്നാല്‍ അയാള്‍ മദ്യലഹരിയില്‍ ആയിരുന്നു. ഉടനെ കേസെടുക്കണമെന്നും ആശുപത്രിയില്‍ പോലീസുകാര്‍ കൂടി വരണമെന്നും ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നത്. കേസെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്റ്റേഷന്‍ പൂട്ടിയിട്ടു പോകാന്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നാലെ റോഡിലെത്തിയ ഇയാള്‍ സ്റ്റേഷന്റെ ഗേറ്റ് വലിച്ചടച്ചശേഷം ബൈക്കില്‍ ആശുപത്രിയിലേക്കു പോയി.

പിന്നീട് വൈകീട്ടോടെ വീണ്ടും സ്റ്റേഷനില്‍ എത്തി പുതിയ താഴ് ഉപയോഗിച്ച് സ്റ്റേഷന്റെ മുന്‍വശത്തെ ഗേറ്റ് പൂട്ടിയശേഷം ബൈക്കില്‍ കടന്ന കളയുകയായിരുന്നു. അരമണിക്കൂറോളം ഗേറ്റ് അടഞ്ഞു കിടന്നു. അതിനാല്‍ സ്റ്റേഷനില്‍ എത്തിയവര്‍ക്ക് അകത്തു കടക്കാന്‍ സാധിച്ചില്ല.

ഗേറ്റ് പൂട്ടിയ കാര്യം പൊലീസുകാര്‍ അറിഞ്ഞതുമില്ല. നാട്ടുകാരാണ് പൊലീസുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍തന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകര്‍ത്തു.

അതേസമയം, അമ്പൂരിയിലെ ഒരു കടയ്ക്കു മുന്നില്‍ നിന്ന് അയാള്‍ അസഭ്യം പറയുകയും വനിതാ ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട് നാട്ടുകാരിലൊരാള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് തലയ്ക്ക് പരുക്കേറ്റത് എന്നാണ് പോലീസ് പറയുന്നത്.

Exit mobile version