കുന്ദംകുളം: ഹൈദരാബാദില്‍ നഴ്‌സായ മൂവാറ്റുപുഴ സ്വദേശിനി കഴിഞ്ഞ മൂന്ന് ദിവസമായി പഴയന്നൂരിലെ ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് വെയിലും തണുപ്പും സഹിച്ച് പട്ടിണി കിടക്കുകയാണ്. തന്നെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ തിരികെ ലഭിക്കാനാണ് 24കാരിയായ അമ്മുവെന്ന യുവതി പഴയന്നൂരിലെ ഭര്‍ത്താവ് സനൂപിന്റെ വീട്ടിലെത്തിയത്. എന്നാല്‍ യുവതിയെ കണ്ടതോടെ വീട് പൂട്ടി ഭര്‍തൃ വീട്ടുകാര്‍ എങ്ങോട്ടോ പോവുകയായിരുന്നു. ഭക്ഷണവും ഉറക്കവുമില്ലാതെ തണുത്തുവിറച്ച് വീടിനുപുറത്തു കഴിയേണ്ടിവന്ന യുവതിക്ക് പോലീസ് ഇടപെടലിലും നീതി ലഭിച്ചില്ല. ഭര്‍ത്താവായ കുമ്പളക്കോട് ഇരട്ടകുളമ്പില്‍ സനൂപിനെ അന്വേഷിച്ചെത്തിയതാണ് താനെന്ന് മുവാറ്റുപുഴ സ്വദേശിനി അമ്മു പറയുന്നു.
ഹൈദരാബാദില്‍ നഴ്സായിരിക്കേ അമ്മു അവിടെ ജോലിക്കെത്തിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ സനൂപുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും പിരിയാനാകാത്ത വിധം അടുത്തതോടെ അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. മൂന്നര മാസത്തോളം ഒരുമിച്ചു കഴിഞ്ഞശേഷം നാട്ടിലേക്ക് പോന്ന സനൂപ് പിന്നെ തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. ഇത് തിരിച്ചറിഞ്ഞ അമ്മു വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ പോലീസില്‍ പരാതി നല്‍കി. അതോടെ വിവാഹം രജിസ്റ്റര്‍ ചെയ്തു. കുറച്ചുനാള്‍ ഒരുമിച്ചു കഴിഞ്ഞ ശേഷം ജോലിസ്ഥലത്തേക്ക് പോയ അമ്മുവിന് പിന്നീട് സനൂപിനെ കുറിച്ച് ഒരു വിവവരവുമില്ല. സ്വന്തം വീട്ടുകാരും കൈയൊഴിഞ്ഞതോടെ, യുവതി പഴയന്നൂരിലെ ഭര്‍തൃ ഗൃഹത്തിലേക്ക് തേടിയെത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ പിതാവിന്റെ ഫോട്ടോ ഓട്ടോറിക്ഷ ഡ്രൈവറെ കാണിച്ച് ഭര്‍തൃഗൃഹം കണ്ടുപിടിച്ച് എത്തിയ അമ്മുവിനെ കണ്ടപ്പോള്‍ വീട്ടിലുണ്ടായിരുന്നവര്‍ വീടുപൂട്ടി സ്ഥലം വിട്ടു. ഗത്യന്തരമില്ലാതെ തണുപ്പില്‍ അഭയം തേടേണ്ടി വന്ന യുവതി കുടിക്കാന്‍ തുള്ളി കുടിവെള്ളം പോലും കിട്ടാതെ ദുരിതത്തിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വീടിന് പുറത്ത് കഴിഞ്ഞ യുവതിയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് വെള്ളിയാഴ്ച രാത്രി മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ അഭയമൊരുക്കി. എന്നാല്‍ ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന ആവശ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പോലീസിനും സാധിച്ചില്ല.
പിന്നീട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശോഭന രാജന്റെ നേതൃത്വത്തില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരും ഗ്രാമപഞ്ചായത് അംഗങ്ങളുമായ പത്മജ, രമ, ബിന്ദു ധര്‍മ്മന്‍, ഗീത തുടങ്ങിയവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞ് പോലീസുമായി ബന്ധപ്പെട്ടു. അതേതുടര്‍ന്ന് കുന്നംകുളം അസി. പോലീസ് കമ്മീഷണര്‍ അമ്മുവിനെ വിളിപ്പിച്ച് തിങ്കളാഴ്ച സനൂപിനെ വരുത്താമെന്ന ഉറപ്പില്‍ പറഞ്ഞയച്ചു. നീതി കിട്ടുമെന്ന വിശ്വാസത്തില്‍ അമ്മു വീണ്ടും ഭര്‍തൃവീടിനു മുന്നിലെ തണുപ്പില്‍ അഭയം തേടിയിരിക്കുകയാണ്.