കൊച്ചി: ഇന്ന് അത്തം, പത്താം നാള് തിരുവോണമാണ്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന് അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തം പതാക ഉയര്‍ത്തും.
അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത് നടന് മമ്മൂട്ടിയാണ്. പത്ത് മണിയോടെ വര്‍ണോജ്ജ്വലമായ അത്തം ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയില്‍ നിരവധി കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളുമാണ് അണിനിരക്കുക.
രാവിലെ 10 മണി മുതല്‍ സിയോണ്‍ ഓഡിറ്റോറിയത്തില്‍ പൂക്കളമത്സരവും ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂക്കള പ്രദശനവും നടക്കും. 10 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് ഘോഷയാത്ര നടത്തുന്നത്. ഇതിനായി ഹരിതകര്‍മ്മസേന, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ സജ്ജമാണ്.
Discussion about this post