പെരുമ്പാവൂര്‍: മോഷണക്കേസില്‍ പിടിയിലായ ഇതര സംസ്ഥാനക്കാരനായ പ്രതി ജയിലിന് മുന്നില്‍ പോലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടികൂടാന്‍ പിന്നാലെയോടി പോലീസ്. 25 അടിയോളം താഴ്ചയിലേക്ക് വീണിട്ടും പോലീസുകാരന്‍ ശ്രമം അവസാനിപ്പിക്കാതെ പ്രതിയെ കീഴപ്പെടുത്തി. പരിക്കേറ്റെങ്കിലും അതിസാഹസികമായാണ് പ്രതിയെ സിപിഒ നിഷാദ് കീഴപ്പെടുത്തിയത്. കാക്കനാട് ജയിലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍.
ഗുരുതരമായി പരിക്കേറ്റ് കാലിന് പ്ലാസ്റ്ററിട്ട് ഇരിപ്പാണ് ഇപ്പോള്‍ പെരുമ്പാവൂര്‍ സ്റ്റേഷനിലെ സിപിഒ നിഷാദ്. സാഹസികമായ കൃത്യനിര്‍വഹണം നടത്തുന്നതിനിടെ പരിക്കൊന്നും നോക്കിയില്ല. വര്‍ക്ഷോപ്പില്‍ നിന്ന് വാഹനങ്ങളുടെ പാര്‍ട്‌സ് മോഷ്ട്ടിച്ചെന്ന കേസിലാണ് മുര്‍ഷീദാബാദ് സ്വദേശി ഷോഹില്‍ മണ്ഡലും മറ്റൊരു പ്രതിയും പിടിയിലാകുന്നത്.
ഇരുവരെയും കോടതിയില്‍ ഹാജരാക്കി കാക്കനാട് ജയിലിലെത്തിച്ചു. ജയിലിന് മുന്നില്‍വച്ച് വിലങ്ങ് അഴിച്ചപ്പോള്‍ പോലീസുകാരെ തള്ളിയിട്ട് ഷോഹില്‍ മണ്ഡല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ പോലീസും ഓടി.
കുതറിമാറി ശ്രമിക്കുന്നതിനിടെ പ്രതിയും പോലീസുകാരനും 25 അടി താഴ്ചയിലേക്ക് വീണു. മൂന്ന് വിരലുകള്‍ പൊട്ടിയിട്ടും വേദന കടിച്ചമര്‍ത്തി പ്രതിയെ പിന്തുടര്‍ന്ന് പിടിച്ചു. എന്നാല്‍ പ്രതിക്ക് കാര്യമായ പരിക്കുകളില്ല. അതേസമയം, പോലീസിനെ ആക്രമിച്ചതിനും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുമടക്കം ഷോഹില്‍ മണ്ഡലിനെതിരെ ഇന്‍ഫോ പാര്‍ക്ക് പോലീസ് പുതിയൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു.