ലണ്ടന്‍: ലണ്ടനിലെ ആശുപത്രിയില്‍ നവജാത തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തി നഴ്‌സ് ലൂസി ലെറ്റ്ബി എന്ന 33 കാരി. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ലൂസി ഏഴ് നവജാത ശിശുക്കളെ അതിദാരുണമായി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ യുവതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. നവജാത ശിശുക്കളുടെ മരണനിരക്കിനെ തുടര്‍ന്നാണ് ലൂസി ലെറ്റ്ബി അറസ്റ്റിലായത്. മാസം തികായതെ പ്രസവിച്ച കുഞ്ഞുങ്ങളെയായിരുന്നു യുവതി കൊലപ്പെടുത്തിയത്. എയര്‍ എംബോളിസത്തിലൂടെയും കുട്ടികള്‍ക്ക് അമിതമായി പാല്‍ നല്‍കിയും ഇന്‍സുലിന്‍ വിഷം നല്‍കിയുമാണ് നഴ്‌സ് കുട്ടികളെ കൊന്നൊടുക്കിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് ലൂസിക്കെതിരെ പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ഡോ. രവി ജയറാം ആണ് ലൂസിയാണ് കൊലപാതകിയെന്നതിന് തുമ്പ് കൊടുത്തത്.
അതേസമയം, യാതൊരു വിധത്തിലുള്ള തെളിവുകളും അവശേഷിപ്പിക്കാതെ അതിസമര്‍ഥമായാണ് ലൂസി കൊലപാതകങ്ങള്‍ നടത്തിയതെന്ന് കോടതി വിലയിരുത്തി. എന്നാല്‍ താന്‍ കുട്ടികളെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നാണ് ചോദ്യംചെയ്യലിലെല്ലാം ലൂസി പോലീസിനോടും കോടതിയോടും ആവര്‍ത്തിച്ചത്. ഒടുവില്‍ അവര്‍ കുറ്റ സമ്മതം നടത്തി.
ലൂസിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ‘ഞാനത് ചെയ്തു, ഞാനൊരു ദുഷ്ടയാണ്’ എന്ന് രേഖപ്പെടുത്തിയ കുറിപ്പ് പൊലീസ് കണ്ടെത്തി. തന്റെ കുറ്റ സമ്മതമാണ് കുറിപ്പിലെന്ന് ലൂസി പിന്നീട് പോലീസിനോട് സമ്മതിച്ചിരുന്നു.