കൊച്ചി: അംഗപരിമിതയായ പെണ്‍കുട്ടിയ്ക്ക് ജോലി നല്കിയ ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് നടന് ജയസൂര്യ. വിമാനയാത്രക്കിടെ ടിക്കറ്റ് ചെക്കിങ് ഗ്രൗണ്ട് സ്റ്റാഫിലെ ഒരു പെണ്‍കുട്ടി ധരിച്ച ഒരു ബാഡ്ജ് വളരെ അവിചാരിതമായി കാണാന്‍ ഇടയായെന്നും വിമാനക്കമ്പനിയുടെ നടപടിയില്‍ സന്തോഷം തോന്നിയെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
‘എനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല എന്നാല്‍ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും’ എന്നായിരുന്നു ബഡ്ജില്‍ എഴുതിയിരുന്നത്. ‘ഇത് വിസ്മയമായിരിക്കുന്നു, ഇന്‍ഡിഗോയ്ക്ക് അഭിനന്ദനങ്ങള്‍’- എന്ന കുറിപ്പും താരം പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം പങ്കുവെച്ചു.
‘അവരുടെ കുറവുകള്‍ നമ്മുടെ മനസിലാണ്. അവര്‍ക്ക് ഒരു കുറവുമില്ല, നമ്മളെ പോലെ തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അര്‍ഹതപ്പെട്ടവരും കഴിവുള്ളവരുമാണ്. ആ കഴിവുകള്‍ നമ്മള് കാണാതെ പോകുന്നതാണ് ഏറ്റവും വലിയ കുറവ്. അതാണ് ഇന്‍ഡിഗോ ഇവിടെ കണ്ടെത്തിയത്’- താരം പറയുന്നു.
Discussion about this post