കഴക്കൂട്ടം: കഴക്കൂട്ടത്തെ വെറ്റിനറി ഡോക്ടറുടെ വീട്ടിലെ രണ്ട് നായ്ക്കൾക്ക് മൂർഖനെ നേരിടുന്നതിനിടെ ദാരുണമരണം. വീട്ടുകാരുടെ ജീവന് ഭീഷണിയായി വീട്ടിലേക്ക് കയറാൻ ശ്രമിച്ച മൂർഖൻ പാമ്പിനെ കടിച്ചുകുടയുന്നതിനിടെ കടിയേറ്റാണ് രണ്ട് വളർത്തുനായകൾ ചത്തത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ വെറ്ററിനറി ഡോക്ടർ ബി മോഹനചന്ദ്രന്റെ വീട്ടിലാണ് കണ്ണുനനയിക്കുന്ന സംഭവമുണ്ടായത്.
ഇവരുടെ വളർത്തുനായകളായ ഗുണ്ടുവും ഓറിയോയുമാണ് പാമ്പിന്റെ കടിയേറ്റ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പാമ്പിനെ വീട്ടിൽ കണ്ട ഇരുവരും അതിനെ കടിച്ച് കൊന്നു. ഇതിനിടയ്ക്ക് ഇരുവർക്കും പാമ്പിന്റെ കടിയേൽ്കകുകയും ചെയ്തിരുന്നു. പാമ്പിനെ കൊന്നിട്ടതിന് പിന്നാലെ അൽപനേരം കഴിഞ്ഞതോടെ ഗുണ്ടുവും ഓറിയോയും അവശനിലയിലായി.
ഉടനെ വീട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ആന്റിവെനം ഉൾപ്പെടെയുള്ള മരുന്നുകൾ നൽകുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇരുവരും അന്ത്യശ്വാസം വലിക്കുകയായിരുന്നു.
ഡോ. മോഹനചന്ദ്രന്റെ വീട്ടിലേക്ക് തനിയെ കടന്നുവന്നയാളാണ് ഗുണ്ടു. ഓറിയോ ആകട്ടെ മോഹനചന്ദ്രന്റെ മകന് വഴിയിൽ നിന്ന് കിട്ടിയ നായ്ക്കുട്ടിയാണ്. വീട്ടിൽ വെച്ച് ഇരുവരും വലിയ സുഹൃത്തുക്കളായിരുന്നു. ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായിരുന്നു. ഇപ്പോഴിതാ അവസാന യാത്രയിലും ഒന്നിച്ചിരിക്കുകയാണ് ഈ വളർത്തോമനകൾ.