തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് പേരും രണ്ട് ലക്ഷം രൂപ വീതം പിഴ അടയ്ക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കയറല്‍, മാരകമായി മുറിലേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നാല് മുതല്‍ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താര്‍ ഒളിവിലാണ്. ഇയാളാണ് രാജേഷിനെതിരെ ക്വട്ടേഷന്‍ കൊടുക്കുന്നത്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
രാജേഷുമായുള്ള ഭാര്യയുടെ അടുപ്പം സത്താറിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതിന് പ്രതികാരമായാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്.
കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് സ്വാലിഹ് എന്ന സാലി ഖത്തറില്‍ നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടത്തിയ ശേഷം സാലി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ നാട്ടിലെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2018 മാര്‍ച്ച് 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.