കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ്. പരാതിയില്ലെന്ന് അധ്യാപകനായ സിയു പ്രിയേഷ് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസം പ്രിയേഷ് കുട്ടികളോട് ക്ഷമിച്ചെന്നും അവരുടെ ഭാവി കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്നും പറഞ്ഞിരുന്നു. മൊഴിയെടുക്കാന്‍ വ്യാഴാഴ്ച വൈകീട്ട് പോലീസ് കോളേജിലെത്തിയപ്പോഴാണ് വിഷയം പോലീസ് കേസാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പരാതിയില്ലെന്നും അധ്യാപകന് അറിയിച്ചത്.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതരാണ് പോലീസിന് പരാതി നല്‍കിയത്. കോളേജിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ടുള്ള നടപടിയാണ് ആഗ്രഹിക്കുന്നത്. പോലീസ് കേസാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അധ്യാപകന് പോലീസിനെ അറിയിച്ചത്.
Discussion about this post