പാലക്കാട്: പാലക്കാട് അഞ്ചുദിവസം പ്രായമായ കുഞ്ഞിന് കൂടുതല്‍ വാക്സീന് നല്കിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചാരുലതയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ബുധനാഴ്ചയാണ് സംഭവം. പള്ളിക്കുളം സ്വദേശികളായ നാദിര്‍ഷ-സിബിനിയ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആണ്‍കുഞ്ഞിനാണ് ആശുപത്രി ജീവനക്കാരി കുറിപ്പിലില്ലാത്ത വാക്സിന് നല്‍കിയത്. കുഞ്ഞിന് 45 ദിവസം കഴിഞ്ഞ് നല്‍കേണ്ട വാക്സിനാണ് നഴ്സ് നല്‍കിയത്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഡിഎംഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നഴ്സിന് പിഴവ് സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വാക്സിന് ഡോസ് കുടിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നഴ്സ് മോശമായി പെരുമാറിയെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ആഗസ്റ്റ് 12ാം തീയതിയായിരുന്നു കുഞ്ഞിന്റെ ജനനം. അന്ന് ആശുപത്രിയില്‍ നിന്നു തന്നെ പോളിയോ ഉള്‍പ്പടെയുള്ള ചില മരുന്നുകള്‍ നല്‍കിയിരുന്നു. അഞ്ചാം ദിവസം ബിസിജി വാക്സിന് അടുത്തുള്ള പ്രാഥിമാകാരോഗ്യ കേന്ദ്രത്തില്‍ നിന്നെടുക്കണം എന്നും നിര്‍ദേശം നല്കി.
അങ്ങനെയാണ് കുടുംബം പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഡോക്ടര്‍ ബിസിജിക്കായി നഴ്സിനടുത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. എന്നാല്‍ നഴ്സ് അമിത ഡോസ് വാക്സിനാണ് കുഞ്ഞിന് കുത്തി വച്ചത്. ബിസിജി മാത്രമെടുത്താല്‍ മതിയെന്ന് ദമ്പതികള്‍ അറിയിച്ചെങ്കിലും നഴ്സ് മൂന്ന് തവണ കുത്തിവയ്ക്കുകയായിരുന്നു. ബിസിജി സാധാരണ കയ്യിലാണ് കുത്തിവയ്ക്കാറുള്ളതെങ്കിലും നഴ്സ് കയ്യിലും രണ്ട് കാലുകളിലുമായാണ് കുത്തിവയ്പെടുത്തത്.
ഇതില്‍ സംശയം തോന്നിയ ദമ്പതികള്‍ ഡോക്ടറുമായി ഇതിനെക്കുറിച്ച് സംസാരിക്കുകയും നഴ്സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി അറിയുകയുമായിരുന്നു. അധിക ഡോസ് വാക്സിന് എടുക്കേണ്ടിവന്ന കുട്ടി നിലവില്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കുഞ്ഞിനില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post