കാപ്പാ കേസ് പ്രതിയിൽ നിന്ന് അരലക്ഷത്തിന്റെ ആഡംബര പേന കൈക്കലാക്കി; തൃത്താലയിലെ സിഐയ്ക്ക് എതിരെ നടപടി

പാലക്കാട്: കാപ്പാ കേസിലെ പ്രതിയിൽനിന്ന് ആഡംബര പേന കൈക്കലാക്കിയെന്ന പരാതിയിൽ സിഐക്കെതിരേ വകുപ്പുതല നടപടി നിർദേശിച്ച് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. തൃത്താല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിജയകുമാരന് എതിരെയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കാപ്പാ നിയമപ്രകാരം അറസ്റ്റിലായ പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി ഫൈസൽ തടത്തിലകത്തിന്റെ പക്കൽ നിന്നാണ് 60,000 രൂപയുടെ മോണ്ട് ബ്ലാങ്ക് പേന സിഐ കൈക്കലാക്കിയത്. ഫൈസൽ സംഭവത്തിൽ തൃത്താല എസ്എച്ച്ഒയ്ക്കെതിരേ നേരത്തെ പരാതി നൽകിയിരുന്നു.

കാപ്പാ കേസിന്റെ നടപടികൾക്കായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ഇൻസ്പെക്ടർ തന്റെ കൈയിലുണ്ടായിരുന്ന 60,000 രൂപ വിലയുള്ള പേന കൈക്കലാക്കിയെന്നും പിന്നീട് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇത് തിരികെ നൽകിയില്ല എന്നുമായിരുന്നു പരാതി ഉയർന്നത്.

ALSO READ- നെയ്മർക്ക് 904 കോടി പ്രതിഫലം; സഞ്ചരിക്കാൻ സ്വകാര്യ വിമാനവും ബെന്റ്‌ലിയും ലംബോർഗിനിയും; താമസിക്കാൻ കൊട്ടാരം; സൗദിയുടെ പ്രചാരണത്തിന് മാത്രം 450 കോടി

ഈ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയപ്പോൾ പ്രതിയെ കസ്റ്റഡിയിൽ എടുത്തസമയത്ത് പേന വാങ്ങിവെച്ചകാര്യം ജി ഡി എൻട്രിയിൽ രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് എസ്എച്ച്ഒയ്‌ക്കെതിരേ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയത്.

Exit mobile version