തൃശ്ശൂര്‍: ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ രണ്ട് സ്ത്രീകളടക്കം നാലു പേര് അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കൂറ്റനാട് സ്വദേശികളായ ഷെഫീഖും അനസും കൊല്ലം സ്വദേശിനിയായ സുരഭിയും ചേര്‍ത്തല സ്വദേശിനിയായ ഷെറിനുമാണ് ലഹരിമരുന്നുമായി പിടിയിലായത്.
കുന്നംകുളത്തെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു നാലുപേരുടെയും ലഹരി ഉപയോഗം. നാലരഗ്രാം എം.ഡി.എം.എയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. കുന്നംകുളത്തെ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സംഘം.
വന്‍തോതില്‍ എം.ഡി.എം.എയുമായി ഒരു സംഘം ഹോട്ടല്‍ മുറിയില്‍ തമ്പടിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ലഹരിവിരുദ്ധ സേനയും കുന്നംകുളം എ.സി.പി.: സി.ആര്.സന്തോഷിന്റേയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തിയത്.
നാലു പേരും സ്ഥിരമായി രാസലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലുരുവിലെ സുഹൃത്താണ് ലഹരിമരുന്ന് കൈമാറിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സുരഭിയും ഷെറിനും വിവാഹ മോചിതരാണ്. ഇരുവര്‍ക്കും കുട്ടികളുണ്ട്. ഷെഫീഖ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post