തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണ ഓണക്കിറ്റ് എല്ലാ റേഷൻ കാർഡുടമകൾക്കും ലഭിക്കില്ല. മഞ്ഞക്കാർഡിന് അർഹരായ കുടുംബങ്ങൾക്ക് മാത്രമാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഇത്തവണ 5.84 ലക്ഷം പേർക്കാണ് ഓണക്കിറ്റ് ലഭിക്കുക. ഒപ്പം അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകാനും തീരുമാനമായിട്ടുണ്ട്. ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങളെ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും.
മുൻവർഷങ്ങളിൽ എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും ഓണക്കിറ്റ് നൽകിയിരുന്നു. ഇത്തവണ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.
മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പുറമെ സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാക്കും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികൾക്കാണ് കിറ്റ് നൽകുക. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് എന്ന തോതിലായിരിക്കും വിതരണം.
ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങൾ ഉൾപ്പെടുത്തിയാണ് ഓണക്കിറ്റ് തയ്യാറാക്കുക. അതേസമയം, കിറ്റിലെ ഇനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല. കിറ്റ് വിതരണം എന്നുമുതൽ ആരംഭിക്കുമെന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളായിരുന്നു ഓണക്കിറ്റിൽ ഉണ്ടായിരുന്നത്.
Discussion about this post