നെയ്യാറ്റിൻകര: പോലീസ് സ്‌റ്റേഷനിലേക്ക് ഫ്യൂരിഡാൻ കീടനാശിനി കഴിച്ചെത്തിയയാൾ കുഴഞ്ഞുവീണ സംഭവം ആശങ്കയുണ്ടാക്കി. പോലീസ് സ്‌റ്റേഷിനിൽ വെച്ച് അബോധാവസ്ഥയിലായ ഇയാളെ പോലീസുകാരാണ് ആശുപത്രിയിലാക്കിയത്. ഭാര്യയുടെ സ്‌കൂട്ടർ ഇടിച്ചുതകർത്‌തെന്ന പരാതിയിൽ പോലീസ് വിളിച്ചുവരുത്തിയ വെൺപകൽ, വിശാൽ ഭവനിൽ ഓട്ടോ ഡ്രൈവർ ശിവരാജൻ(50) ആണ് ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിൽ ശിവരാജൻ തന്റെ സ്‌കൂട്ടർ അടിച്ചുതകർത്തുവെന്ന ഭാര്യയുടെ പരാതിയിലാണ് ഇയാളെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.
ശിവരാജന്റെ ഭാര്യ റാണിയാണ് പരാതിക്കാരി. ഇയാളോട് തിങ്കളാഴ്ച എത്താൻ ആവശ്യപ്പെട്ടെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ കീടനാശിനി കഴിച്ചനിലയിലാണ് ശിവരാജൻ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ അബോധാവസ്ഥയിൽ വീണ ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
also read- രാത്രിയില്‍ പണത്തെ ചൊല്ലി തര്‍ക്കം, രാവിലെ 54കാരന്‍ മരിച്ച നിലയില്‍, മകന്‍ ഒളിവില്‍
പോലീസ് സ്റ്റേഷനിൽ എത്തിയയുടനെ ശിവരാജൻ താൻ വിഷം കഴിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നിലത്തേക്ക് വീഴുകയായിരുന്നു. ഫ്യൂരിഡാനാണ് കഴിച്ചതെന്ന് ശിവരാജൻ പോലീസുകാരോടു പറഞ്ഞിരുന്നു. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ശിവരാജൻ.