ആലപ്പുഴ: ആലപ്പുഴയില്‍ അമ്പത്തിനാലുകാരനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് തടിയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന് സുരേഷ് കുമാര്‍ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകന് നിഖില്‍ (30) ഒളിവില്‍ ആണെന്നു പൊലീസ് പറഞ്ഞു.
കയര്‍ ഫാക്ടറി തൊഴിലാളിയാണ് സുരേഷ് കുമാര്‍. അച്ഛനും മകനും തമ്മില്‍ കഴിഞ്ഞ രാത്രി വീട്ടിനുള്ളില്‍ വാക്കേറ്റവും ബഹളവും നടന്നതായി നിഖിലിന്റെ അമ്മ മിനിമോള്‍ പൊലീസിനോടു പറഞ്ഞു.
also read: ത്രിവര്‍ണ്ണ ശോഭയില്‍ തലയുയര്‍ത്തി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം
വീടിന്റെ ചവിട്ടുപടിയില്‍ വീണതിനെ തുടര്‍ന്നു കാലിനു പരുക്കേറ്റ് കുറച്ചുനാളായി പ്ലാസ്റ്റര്‍ ഇട്ട് മിനിമോള്‍ കിടപ്പിലാണ്. എന്നും രാവിലെ എഴുന്നേല്‍ക്കാറുള്ള ഭര്‍ത്താവ് രാവിലെ ഏഴരയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ ചെന്നു നോക്കിയപ്പോഴാണു അനക്കമില്ലെന്നു തോന്നിയതെന്നും മിനിമോള്‍ പറഞ്ഞു.
തുടര്‍ന്നു ബഹളം വച്ച് അയല്‍വാസികളെ വരുത്തുകയായിരുന്നു. നഗരത്തിലെ ഒരു കേബിള്‍ സ്ഥാപനത്തിലെ ജോലിക്കാരനായ നിഖിലിന്റെ വിവാഹം ഈ മാസം 28ന് ആണ്. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലി ഇരുവരും രാത്രി സംസാരിച്ചിരുന്നതായി മിനി പറഞ്ഞു.
നോര്‍ത്ത് പൊലീസ് ഹൗസ് സ്റ്റേഷന് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.
Discussion about this post