തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷക്കുറവ് അതിരൂക്ഷം. സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ആഗസ്റ്റില്‍ ഇക്കുറി രേഖപ്പെടുത്തിയത് വന്‍ മഴക്കുറവ്. പെയ്യേണ്ട മഴയില്‍ 90 ശതമാനം മഴയും കുറഞ്ഞു. ആഗസ്റ്റിയില് 254.6 മില്ലി മീറ്ററ് മഴ കിട്ടേണ്ട സ്ഥാനത്ത് ഈ വര്‍ഷം ലഭിച്ചത് വെറും 25.1 ശതമാനം മാത്രമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍ വര്‍ഷം 326.6 മില്ലി മീറ്റര്‍ മഴ ആഗസ്റ്റില്‍ ലഭിച്ചു. എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലടക്കം രൂക്ഷമായ മഴക്കുറവുണ്ടായി. കാലവര്‍ഷം സജീവമാകുന്ന ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കെടുക്കുമ്പോള്‍ സംസ്ഥാനത്താകെ 44 ശതമാനം മഴയുടെ കുറവാണ് രേഖഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. സാധാരണ ലഭിക്കേണ്ട മഴയില്‍ 60 ശതമാനം കുറവാണ് ഇടുക്കിയില്‍ പെയ്തത്. വയനാട്ടില്‍ 55 ശതമാനവും കോഴിക്കോട് 53 ശതമാനവും മഴ കുറവ് രേഖപ്പെടുത്തി.
അതേസമയം, സംസ്ഥാനത്തെ ജലസംഭരണികളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ജലസംഭരണികളില്‍ 37 ശതമാനം മാത്രം വെള്ളമാണുള്ളത്.
ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 32 ശതമാനം മാത്രം വെള്ളമാണുള്ളത്. ആഗസ്റ്റ് മാസത്തില്‍ 70 ശതമാനമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ജനനിരപ്പ്. മഴക്കാലത്ത് അധിക വൈദ്യുതി ഉല്പാദിപ്പിച്ച് അയല്‍സംസ്ഥാനങ്ങള്‍ക്ക് വിറ്റിരുന്ന അവസ്ഥയില്‍ നിന്നാണ് ഈ സാഹചര്യത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധിയിലാകും.
Discussion about this post