കൊല്ലം: പത്തനാപുരത്ത് നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശി ഗണേഷിനെ നാട്ടുകാര്‍ കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചു. ഭാര്യ 23 വയസുള്ള പത്തനാപുരം കടശ്ശേരി സ്വദേശി രേവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ദാമ്പത്യ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും നിരന്തരം കുടുംബ പ്രശ്നമായിരുന്നു. വിവാഹ ബന്ധം വേര്‍പിരിയാന്‍ സമ്മതം അറിയിച്ച് പോലീസ് സ്റ്റേഷനില്‍ നിന്ന് നടന്ന് നീങ്ങും വഴി പിന്നാലെയെത്തിയ ഗണേഷ് മുടിക്ക് കുത്തിപ്പിടിച്ച് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് രേവതിയുടെ കഴുത്തറയ്ക്കുകയായിരുന്നു. തടയുന്നതിനിടെ രേവതിയുടെ കൈ വിരല്‍ അറ്റു. മുഖത്തും ശരീരമാസകലവും മുറിവേറ്റു.
രക്തം വാര്‍ന്ന് റോട്ടില് കിടന്ന രേവതിയെ നാട്ടുകാര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ രേവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അക്രമാസക്തനായ ഗണേഷിനെ മല്പിടിത്തത്തിലൂടെ നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയും പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.
ഒമ്പത് മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. രേവതിക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഗണേഷ് മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. ഭാര്യയെ കാന്മാനില്ലെന്ന് ഗണേഷ് പത്തനാപുരം പൊലീസില്‍ പരാതിയും നല്കി. ഇതിനു പിന്നാലെ ഇരുവരേയും സ്റ്റേഷനിലേക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിപ്പിക്കുകയായിരുന്നു.
ഗണേഷിനെതിരെ അവിഹിത ബന്ധ ആരോപണം രേവതി ഉന്നയിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു. ഇതിന് ശേഷം സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി നടന്നു നീങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
Discussion about this post