തിരുവനന്തപുരം: വര്‍ക്കല കടലിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പെട്ട് യുവാവിനെ കാണാതായി. വര്‍ക്കല ആലിയിറക്കം ബീച്ചിലാണ് സംഭവം. കടലില്‍ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അടിയൊഴുക്കില്‍ പെട്ട് യുവാവിനെ കാണാതാവുകയായിരുന്നു. ആന്ധ്രാ സ്വദേശി വാര്‍ഷിക് (22) നെയാണ് കാണാതായത്.
ബംഗളൂരുവില്‍ നിന്ന് നാലു സുഹൃത്തുക്കള്‍ക്കൊപ്പം ശനിയാഴ്ചയാണ് വാര്‍ഷിക് വര്‍ക്കലയില്‍ എത്തിയത്. വ്യാഴാഴ്ച തിരികെ പോകാനിരിക്കെയാണ് അപകടമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം, ഇയാള്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കുകയും 10 ദിവസങ്ങള്‍ക്ക് ശേഷം ജോലിക്കായി പോകാന്‍ ഇരിക്കുകയുമായിരുന്നു. അമേരിക്കയില്‍ പോകുന്നതിന് മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ നടത്തുന്നുണ്ട്.