സന്നിധാനം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ ക്ഷേത്രം അടച്ചിട്ട തന്ത്രിയുടെ നിലപാടില്‍ തീര്‍ച്ചയായും വിശദീകരണം തേടുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയുടെ നടപടി തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.
ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തന്ത്രി ശബരിമല നട അടച്ചത്. ഇക്കാര്യത്തില്‍ തന്ത്രിയില്‍ നിന്നും വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷ ഭക്തന്മാരായാലും സ്ത്രീ ഭക്തകളായാലും അവരെ തങ്ങള്‍ ക്ഷണിച്ചിട്ടുവരുന്നതല്ല. ശബരിമലയില്‍ എന്നല്ല ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രത്തിലും തങ്ങള്‍ ഭക്തരെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്യുന്നില്ല. അതിന്റെ ആവശ്യവുമില്ല.
ഏതുപ്രായത്തിലുമുള്ള യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ 10 നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലയെന്ന ബോര്‍ഡ് ദേവസ്വം ബോര്‍ഡ് എടുത്തുമാറ്റിയിട്ടുണ്ട്. കോടതി വിധി മാനിച്ചാണ് ആ ബോര്‍ഡ് എടുത്തുമാറ്റിയത്. അതുകൊണ്ടുതന്നെ സ്ത്രീകളെ സ്വാഗതം ചെയ്ത് പ്രത്യേകം ബോര്‍ഡ് വെക്കേണ്ട ആവശ്യമില്ലെന്നും ദേവസ്വം കമ്മീഷണര്‍ വാസു വ്യക്തമാക്കി.