പൊയിനാച്ചി: വീടുകള്‍ തോറും മാലിന്യം ശേഖരിക്കാന്‍ എത്തുന്ന ഹരിതകര്‍മസേനക്കാര്‍ക്ക് പൈസ കൊടുക്കാന്‍ മടി കാണിക്കുന്നവരാണ് ഏറെയും. എല്ലാ സേവനങ്ങള്‍ക്കും ഹരിതകര്‍മസേനയുടെ യൂസര്‍ഫീ രസീത് കര്‍ശനമാക്കിയതോടെയാണ് ആളുകള്‍ സഹകരിക്കാന്‍ തുടങ്ങിയത്.
അതേസമയം, വീട്ടില്‍ ആരുമില്ലാത്തപ്പോഴും ഹരിതകര്‍മസേനയ്ക്ക് നല്‍കേണ്ട തുക കൃത്യമായി കരുതിവെക്കുന്നവരുമുണ്ട്. കാസര്‍ഗോഡ് കളക്ടര്‍ കെ. ഇമ്പശേഖര്‍ പങ്കുവച്ചത് മാതൃകാപരമായ കുറിപ്പാണ്. ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മസേന വീട്ടിലെത്തിയപ്പോള്‍ കണ്ട ആ കരുതലിന്റെ കാഴ്ചയാണ് കളക്ടര്‍ പങ്കുവെച്ചത്.
ഹരിതകര്‍മസേന വരുന്നതറിഞ്ഞ് ‘പൈസ വീടിന്റെ സൈഡില്‍ പച്ച പാക്കിന്റെ അടിയില്‍ വെച്ചിട്ടുണ്ട്’ എന്ന കുറിപ്പെഴുതിവെച്ചായിരുന്നു വീട്ടുകാര്‍ പുറത്തുപോയിരുന്നത്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ആ പണവുമെടുത്താണ് ഹരിതകര്‍മസേന മടങ്ങിയത്. വീട്ടുകാര്‍ എഴുതിവെച്ച ആ കുറിപ്പാണ് കളക്ടര്‍ പുറത്തുവിട്ടത്.
മാലിന്യശേഖരണത്തിന് എത്തുന്ന ഹരിതകര്‍മസേനയ്ക്ക് ഉപഭോക്തൃ വിഹിതം നല്‍കുന്നതിനെപ്പറ്റി ഒരാഴ്ചയായി വാട്‌സാപ്പില്‍ തെറ്റായ പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരേ കളക്ടര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ചെമ്മനാട്ടെ കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്.
ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിതകര്‍മസേനയ്ക്ക് വാതില്‍പ്പടി ശേഖരണത്തിന് ഉപഭോക്തൃ വിഹിതം നല്‍കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും നല്‍കാത്തത് കുറ്റകരമാണെന്നുമാണ് കളക്ടറുടെ നിലപാട്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ചെമ്മനാട് പഞ്ചായത്തില്‍ മാത്രം 3,36,130 കിലോ മാലിന്യമാണ് ഹരിതകര്‍മസേന ശേഖരിച്ചത്. പഞ്ചായത്തിലെ 81 ശതമാനം വീടുകളും 95 ശതമാനം കടകളും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നല്‍കി ഹരിതകര്‍മസേനയുമായി സഹകരിക്കുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉപഭോക്തൃ വിഹിതമായി 31.70 ലക്ഷം സമാഹരിച്ചു.
ഹരിതകര്‍മസേനയുടെ യൂസര്‍ഫീ രസീത് പഞ്ചായത്ത് സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ ഭരണസമിതിയെ മന്ത്രി എം.ബി. രാജേഷ് പ്രശംസിച്ചിരുന്നു. മാലിന്യം പൊതുയിടങ്ങളില്‍ തള്ളുന്നതിനെതിരേ 22 ലക്ഷം രൂപ ചെലവില്‍ പലയിടങ്ങളിലായി സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത്.