തിരുവനന്തപുരം: ബന്ധുക്കളുമായുണ്ടായ വാക്കേറ്റത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നെല്ലിമൂടിലെ പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു. തിരുവനന്തപുരം നെല്ലിമൂട് സാം ജെ വത്സലനാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഇയാൾ ബന്ധുക്കളുമായി തർക്കത്തിലേർപ്പെട്ടിരുന്നു.
സമീപത്തെ പൈപ്പിൽനിന്ന് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സാമും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും തമ്മിൽ തർക്കം നിലനിന്നിരുന്നതായാണ് വിവരം. പൈപ്പിൽനിന്ന് വെള്ളമെടുക്കാൻ സാമിന്റെ കുടുംബത്തെ ഈ ബന്ധുക്കൾ അനുവദിച്ചിരുന്നില്ല.
തുടർന്ന് ശനിയാഴ്ച രാത്രി ഈ പ്രശ്നത്തെച്ചൊല്ലി സാമും ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു എന്നും ഇത് സംഘർഷത്തിൽ കലാശിച്ചെന്നുമാണ് വിവരം. ഈ സംഘർഷത്തിനിടെയാണ് സാമിന് വെട്ടേറ്റത്.
ഉടനെ തന്നെ സാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ സാമിന്റെ ബന്ധുക്കളായ രണ്ടുപേരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാംരാജ്, ഡേവിഡ് രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.