തൃശൂർ: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്തതായി പരാതി. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചെന്ന് ആരോപിച്ചാണ് എസ്‌ഐയെ സിഐ അറസ്റ്റ് ചെയ്തത്. എസ്‌ഐ ടിആർ ആമോദിനെതിരെയാണ് നെടുപുഴ സിഐ ടിജി ദിലീപ്കുമാർ കള്ളക്കേസെടുത്തത്. സിഐ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ലാ സ്‌പെഷൽ ബ്രാഞ്ചുകൾ റിപ്പോർട്ട് നൽകി.
എസ്‌ഐ ആമോദ് വഴിയരികിൽ ഫോൺ ചെയ്ത് നിൽക്കുമ്പോൾ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് സിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 31ന് തൃശൂർ വടൂക്കരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അവധിയിലായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐയായ ടിആർ ആമോദ് വീട്ടുസാധനങ്ങൾ വാങ്ങുന്നതിനാണ് വൈകിട്ട് കടയിൽ പോയത്. ഇതിനിടെ സമീപത്തെ മരകമ്പനിയിലിരുന്ന് പരസ്യമായി മദ്യപാനം നടക്കുന്നെന്ന പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു സിഐ ടിജി ദിലീപും സംഘവും. പോലീസ് പരിശോധന നടത്തിയപ്പോൾ മദ്യക്കുപ്പികളും കണ്ടെത്തി.
തുടർന്ന് സമീപത്തെ കടയ്ക്ക് പുറത്ത് നിൽക്കുകയായിരുന്ന എസ്‌ഐ ആമോദ് ഉൾപ്പെടെയുള്ളവരാണ് ഇവിടെയിരുന്ന് മദ്യപിച്ചതെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബ്രത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ നേരിയ അളവിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
പിന്നീട് ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്താനായില്ല. കള്ളക്കേസിൽ കുടുക്കി ഒരുദിവസത്തോളം എസ്‌ഐയെ കസ്റ്റഡിയിൽവെച്ചെന്നാണ് കുടുംബം പരാതി നൽകിയത്.
തുടർന്ന് എസ്‌ഐയെ കസ്റ്റഡിയിലെടുത്തതിൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇത് കള്ളക്കേസാണെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ സിഐക്കെതിരായ അന്വേഷണം തുടരുകയാണ്.