കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞനിലയിൽ മനുഷ്യന്റെ ശരീരഭാഗങ്ങൾ കണ്ടെത്തി.രാവിലെ ഏഴ് മണിയോടെ കാലുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ പരിസരത്ത് നടത്തിയ തിരച്ചിലിൽ ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി.
അരയ്ക്ക് മുകളിലുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത് ഇതും കത്തിക്കരിഞ്ഞ നിലയിലാണ്. കാലുകൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് മീറ്ററുകൾക്ക് അപ്പുറം വയലിൽനിന്നാണ് ബാക്കി ശരീരഭാഗങ്ങൾ കണ്ടെടുത്തിരിക്കുന്നത്.
ഊരള്ളൂരിൽ നടുവണ്ണൂർ റോഡിലെ വയലിന് സമീപം കത്തിക്കരിഞ്ഞനിലയിൽ നാട്ടുകാരാണ് കാലുകൾ കണ്ടത്. തുടർന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഡ്രോൺ ഉപയോഗിച്ചാണ് പോലീസ് സംഘം ശരീര ഭാഗങ്ങൾക്കായി പരിശോധന നടത്തിയത്.
തുടർന്നാണ് കാലുകൾ കണ്ടെത്തിയതിന് മീറ്ററുകൾക്ക് അകലെ വയലിൽനിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്. കത്തിക്കരിഞ്ഞനിലയിൽ കണ്ടെടുത്തത് പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ, മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സമീപപ്രദേശങ്ങളിൽനിന്ന് കാണാതായവരെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങൾ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post