കൊല്ലം: അതിഥി തൊഴിലാളിയായി കേരളത്തിലെത്തിയ പശ്ചിമബംഗാള്‍ സ്വദേശി ബിര്‍ഷു റാബയ്ക്ക് ലക്ഷാധിപതിയായി മടക്കം. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ബിര്‍ഷുവിനെ ലക്ഷാധിപതിയാക്കിയത്. ലോട്ടറിയടിച്ച തുകയുമായി ബിര്‍ഷു നാട്ടിലേക്ക് വിമാനത്തില്‍ പറന്നിറങ്ങി.
ലോട്ടറിയടിച്ചതറിഞ്ഞ് ആധിയും പരിഭ്രമവുമായി പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ഇതരസംസ്ഥാന തൊഴിലാളി വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. തമ്പാനൂര്‍ പോലീസാണ് ബിര്‍ഷുവിന് വേണ്ട സുരക്ഷ ഒരുക്കി നല്‍കിയത്.
കുറച്ചുദിവസംമുമ്പ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരുകോടി രൂപയാണ് ബിര്‍ഷു റാബയ്ക്ക് ലഭിച്ചത്. പണം കൈയില്‍ വരുമെന്നായപ്പോള്‍ സുരക്ഷതേടി തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി. അദ്ദേഹത്തിന്റെ സംരക്ഷണം പിന്നെ പോലീസ് ഏറ്റെടുത്തു. ലുലു മാളിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പോലീസ് ഇടപെട്ട് അക്കൗണ്ട് എടുത്തുനല്‍കി.
ബമ്പറടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്നു പേടിച്ചാണ് ബിര്‍ഷു അന്ന് പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. തമ്പാനൂര്‍ എസ്.എച്ച്.ഒ. പ്രകാശ് ഉടന്‍തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി ടിക്കറ്റ് ഏല്‍പ്പിച്ചു. ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തി. സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് അന്ന് യാത്രയാക്കിയത്.
കഴിഞ്ഞ ദിവസം ലോട്ടറിയടിച്ച തുകയില്‍ നികുതിപ്പണം കുറവുചെയ്തതിന് ശേഷമുള്ള 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. തുടര്‍ന്ന് പോലീസ് തന്നെ വിമാനത്തില്‍ നാട്ടിലേക്ക് അയയ്ക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തുകൊടുത്തു. സുരക്ഷിതമായി നാട്ടിലെത്തിയെന്നും ബന്ധുക്കള്‍ക്കൊപ്പം സുഖമായിരിക്കുന്നെന്നും ബിര്‍ഷു പോലീസിനെ അറിയിച്ചു. സര്‍ക്കാരിനും പോലീസിനും നന്ദിയറിയിക്കുകയും ചെയ്തു ബിര്‍ഷു.
Discussion about this post