മനസാക്ഷി ഇല്ലാത്ത ക്രൂരത! കാഴ്ചയില്ലാത്ത വില്‍പനക്കാരന്റെ 24ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ്; ചേര്‍ത്തു പിടിച്ച് സനോജ്, മാതൃക

മറ്റൂര്‍ ജംഗ്ഷനില്‍ നിന്നാണ് മോഷണത്തിന്റെയും ഒപ്പം കാരുണ്യത്തിന്റെയും വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

എറണാകുളം: കാലടിയില്‍ കാഴ്ചയില്ലാത്ത ലോട്ടറി വില്‍പനക്കാരന്റെ 24 ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയി. കാലടി പിരാരൂര്‍ സ്വദേശി അപ്പുവും ഭാര്യ രമയും വര്‍ഷങ്ങളായി ലോട്ടറി കച്ചവടക്കാരാണ്. ഇവരുടെ ലോട്ടറിയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.

ഇവരുടെ വിഷമം മനസ്സിലാക്കിയ സമീപത്തെ വ്യാപാരി 24 ടിക്കറ്റുകളുടേയും പണം നല്‍കി മാതൃകയായി. മറ്റൂര്‍ ജംഗ്ഷനില്‍ നിന്നാണ് മോഷണത്തിന്റെയും ഒപ്പം കാരുണ്യത്തിന്റെയും വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായത്.


കാഴ്ച ഇല്ലാത്ത ഇരുവര്‍ക്കും ലോട്ടറി വില്‍പ്പന മാത്രമാണ് ഏക ഉപജീവനമാര്‍ഗ്ഗം. ലോട്ടറി വാങ്ങാന്‍ എത്തിയ ആള്‍ക്ക് മുന്നില്‍ ടിക്കറ്റുകളും സമ്മാനങ്ങളും പരിചയപ്പെടുത്തുന്നതിനിടെയാണ് അപ്പു കബളിപ്പിക്കപ്പെട്ടത്. രണ്ട് കെട്ട് ടിക്കറ്റുകളുമായി ഇയാള്‍ കടന്നുകളഞ്ഞത് പാവം അപ്പു ആദ്യം അറിഞ്ഞില്ല.

പിന്നീട് അറിഞ്ഞപ്പോള്‍ വലിയ സങ്കടമായി. ഇരുപത്തിനാല് ടിക്കറ്റുകളാണ് ഒന്നിച്ച് നഷ്ടപ്പെട്ടത്. സംഭവം അറിഞ്ഞ് സമീപത്തെ കച്ചവടക്കാരനായ സനോജ് നഷ്ടപ്പെട്ട മുഴുവന്‍ ടിക്കറ്റുകളുടേയും തുക നല്‍കി.അതേസമയം, സംഭവത്തില്‍ അപ്പുവിന് പരാതി ഇല്ലെങ്കിലും കാഴ്ച പരിമിതരായ ദമ്പതിമാരെ പറ്റിച്ചയാളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version